മംഗളൂരു: കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന്‍ പ്രതിയായ ഇരുപതാമത്തെ കേസും തെളിഞ്ഞു. കാസര്‍കോട് സ്വദേശിയായ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മോഹൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കേസിലെ ശിക്ഷ ജൂണ്‍ 24ന് പ്രഖ്യാപിക്കും. പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കിയാണ് ഇയാള്‍ സ്‌ത്രീകളെ കൊലപ്പെടുത്തിയിരുന്നത്. സമാന രീതിയിലുള്ള അഞ്ച് കേസുകളില്‍ മരണശിക്ഷയും, മൂന്ന് കേസുകളില്‍ ജീവപര്യന്തം തടവും ലഭിച്ചയാളാണ് സയനൈഡ് മോഹൻ. രണ്ട് വധശിക്ഷകള്‍ പിന്നീട് ജീവപര്യന്തമായി ഇളവ് ചെയ്‌തിരുന്നു.
സയനൈഡ് മോഹനെതിരായ 20-ാം കൊലക്കേസും തെളിഞ്ഞു - സയനൈഡ് മോഹൻ
കാസര്‍കോട് ലേഡീസ് ഹോസ്‌റ്റലിലെ പാചകക്കാരിയായിരുന്ന 25 കാരിയെ കൊലപ്പെടുത്തിയ കേസിലാണ് ഒടുവില്‍ വിധി വന്നിരിക്കുന്നത്.
കാസര്‍കോട് ലേഡീസ് ഹോസ്‌റ്റലിലെ പാചകക്കാരിയായിരുന്ന 25 കാരിയെ കൊലപ്പെടുത്തിയ കേസിലാണ് ഒടുവില്‍ വിധി വന്നിരിക്കുന്നത്. 2009 ലാണ് സംഭവം. മൂന്ന് തവണ യുവതിയുടെ വീട്ടിലെത്തി മോഹന്‍ വിവാഹ ആഭ്യര്‍ഥന നടത്തിയിരുന്നു. ശേഷം ജൂണ്‍ 28ന് യുവതി സുല്യയിലെ അമ്പലത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞ ശേഷം വീട്ടില്‍ നിന്നിറങ്ങി. തുടര്‍ന്ന് മോഹൻ യുവതിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. യുവതിയുടെ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വിവാഹം കഴിക്കാനാണ് ബെംഗളൂരുവിലേക്ക് പോകുന്നതെന്ന് മോഹൻ അവരോട് പറഞ്ഞു. ബെംഗളൂരുവിലെത്തിയ ശേഷം യുവതിയെ ബസ് സ്‌റ്റോപ്പിന് സമീപത്തെ ലോഡ്‌ജിലേക്കാണ് മോഹൻ ആദ്യം കൊണ്ടുപോയത്. തുടര്‍ന്ന് ഇരുവരും ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു.
പിറ്റേ ദിവസം റൂമില്‍ നിന്ന് ഇറങ്ങുന്നതിന് മുന്നോടിയായി യുവതിയുടെ പക്കലുണ്ടായിരുന്ന സ്വര്‍ണം മോഹൻ വാങ്ങിയെടുത്തു. തുടര്‍ന് ബസ് സ്‌റ്റോപ്പില്‍ വച്ച് സയനൈഡ് ചേര്‍ത്ത മരുന്ന് യുവതിക്ക് നല്‍കി. ബസ് സ്‌റ്റാന്‍ഡിലെ ശുചിമുറിക്ക് സമീപം കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് 2009 ഒക്‌ടോബറില്‍ മോഹനെ അറസ്‌റ്റ് ചെയ്‌തു. കൊല്ലപ്പെട്ട യുവതിയുടെ സഹോദരിയാണ് ഫോട്ടോ കണ്ട് മോഹനെ തിരിച്ചറിഞ്ഞത്.