കേരളം

kerala

ETV Bharat / bharat

മഹാപ്രതിസന്ധി മറികടക്കാൻ പൊതുമിനിമം പരിപാടി; ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാർ - Sena in talks with Cong-NCP

പൊതുമിനിമം പരിപാടിയുടെ കരട് രൂപം ഉദ്ധവ് താക്കറെ, സോണിയാ ഗാന്ധി, ശരദ് പവാർ എന്നിവർക്ക് അയച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ മൂന്ന് നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയും എൻസിപി നേതാവ് ജയന്ത് പാട്ടീലും വ്യക്തമാക്കി.

ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാർ

By

Published : Nov 15, 2019, 8:39 AM IST

Updated : Nov 15, 2019, 9:29 AM IST

മുംബൈ; രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് മഹാരാഷ്ട്രയില്‍ ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാർ യാഥാർഥ്യമാകുന്നു. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ രൂപീകരിക്കുന്നത്. ഇതിനായി പൊതുമിനിമം പരിപാടിയുടെ കരട് രൂപത്തിന് മൂന്ന് പാർട്ടികളുടേയും പ്രതിനിധികൾ രൂപം നല്‍കി. ഇക്കാര്യത്തില്‍ അന്തിമരൂപത്തിലെത്താൻ രണ്ട് ദിവസം കൂടി വേണ്ടിവരുമെന്ന് കോൺഗ്രസ് നേതാവ് പ്രിഥ്വിരാജ് ചവാൻ പറഞ്ഞു. കരട് രൂപം ഉദ്ധവ് താക്കറെ, സോണിയാ ഗാന്ധി, ശരദ് പവാർ എന്നിവർക്ക് അയച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ മൂന്ന് നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയും എൻസിപി നേതാവ് ജയന്ത് പാട്ടീലും വ്യക്തമാക്കി.

പൊതുമിനിമം പരിപാടി പ്രകാരം ശിവസേനയ്ക്ക് 16 കാബിനറ്റ് മന്ത്രിമാരെ ലഭിക്കും. 14 മന്ത്രിമാർ എൻസിപിക്കും കോൺഗ്രസിന് 12 മന്ത്രിമാരും സഭയിലുണ്ടാകും. സ്പീക്കർ സ്ഥാനം കോൺഗ്രസിന് ലഭിക്കും. ഡെപ്യൂട്ടി സ്പീക്കറായി ശിവസേന അംഗമാകും വരുക. എന്നാല്‍ ലെജിസ്ലേറ്റീവ് കൗൺസില്‍ ചെയർമാൻ പദവി എൻസിപിക്കും ഡെപ്യൂട്ടി പദവി ശിവസേനയ്ക്കും ലഭിക്കും. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ച് ഇനിയും തീരുമാനമായില്ല. അഞ്ച് വർഷത്തെ മുഖ്യമന്ത്രി പദം മൂന്ന് പാട്ടികളം പങ്കിട്ടെടുക്കണമെന്ന അഭിപ്രായം പൊതുമിനിമം പരിപാടിയിലുണ്ട്.

അതോടൊപ്പം ഉപമുഖ്യമന്ത്രി പദം സംബന്ധിച്ചും ചർച്ചകൾ പുരോഗമിക്കുകയാണ്. ഈമാസം 19നകം പൊതുമിനിമം പരിപാടിയുടെ പൂർണരൂപം തയ്യാറാകുമെന്നാണ് കോൺഗ്രസ് നേതാക്കൾ നല്‍കുന്ന വിവരം. മഹാരാഷ്ട്രയില്‍ സുസ്ഥിര സർക്കാർ രൂപീകരിക്കുമെന്നും ഇടക്കാല തെരഞ്ഞെടുപ്പ് മഹാരാഷ്ട്ര ആഗ്രഹിക്കുന്നില്ലെന്നും ചർച്ചകൾക്ക് ശേഷം കോൺഗ്രസ് നേതാവ് വിജയ് വദേറ്റിവാർ പറഞ്ഞു.
കാർഷിക വായ്പ എഴുതിത്തള്ളല്‍, വിള ഇൻഷുറൻസ് പദ്ധതി, തൊഴിലില്ലായ്മ, ശിവജി- അംബേദ്‌കർ സ്മാരകം തുടങ്ങിയ വിഷയങ്ങളില്‍ മൂന്ന് പാർട്ടികളും ധാരണയായിട്ടുണ്ട്. പൊതുമിനിമം പരിപാടിക്ക് പാർട്ടി നേതാക്കളുടെ അനുമതി ലഭിച്ചാല്‍ സർക്കാർ രൂപീകരിക്കാൻ ഗവർണർ ബിഎസ് കോഷിയാരിക്ക് മുൻപാകെ അവകാശവാദം ഉന്നയിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് ഫലം വന്ന മൂന്ന് ആഴ്ചയായിട്ടും സർക്കാർ രൂപീകരിക്കാൻ കഴിയാത്ത സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണത്തിലാണ് മഹാരാഷ്ട്ര.

Last Updated : Nov 15, 2019, 9:29 AM IST

ABOUT THE AUTHOR

...view details