സ്വയം പര്യാപ്‌ത ഇന്ത്യയെ കെട്ടിപ്പടുക്കുക എന്ന വീക്ഷണത്തോടു കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന് തുടക്കമിട്ടത്. ഇന്ത്യ “ലോകത്തിന്‍റെ ഫാര്‍മസി'' ആയി മാറുവാന്‍ ലക്ഷ്യമിടുമ്പോള്‍ തന്നെ, നമ്മളിപ്പോഴും 84 ശതമാനം സജീവ മരുന്ന് നിര്‍മാണ ചേരുവകകളും (എപിഐ) മറ്റ് വസ്‌തുക്കളും ഇറക്കുമതി ചെയ്യുകയാണ് എന്നതാണ് വസ്‌തുത. ഇതില്‍ 60 ശതമാനത്തിലധികം ചൈനയില്‍ നിന്നാണ് വരുന്നത്. രണ്ട് ദശാബ്‌ദങ്ങള്‍ക്ക് മുന്‍പ് വരെ ഇന്ത്യ മരുന്ന് നിര്‍മാണ ചേരുവകള്‍ ഇവിടെ തന്നെ നിര്‍മിച്ചിരുന്നു. ചൈന അത്യുത്സാഹത്തോടെ ഉല്‍പ്പാദനം ആരംഭിച്ചതു മുതല്‍ വില കുറവുള്ള ഇറക്കുമതിയിലേക്ക് തിരിയുകയായിരുന്നു പ്രാദേശിക നിര്‍മ്മാതാക്കള്‍. ആസ്‌പിരിനും ക്രോസിനും പോലെ കടയില്‍ നിന്ന് നേരിട്ട് വാങ്ങാവുന്ന മരുന്നുകളുടെ കാര്യത്തില്‍ പോലും ആഭ്യന്തര മരുന്ന് നിര്‍മാണ കമ്പനികള്‍ ചൈനയെ ആശ്രയിക്കുകയാണ്. ചൈനയില്‍ നിന്നുള്ള മരുന്ന് നിര്‍മാണ മേഖലയിന്മേലുള്ള ഇന്ത്യയുടെ ആശ്രയത്വം 23 ശതമാനം വര്‍ധിച്ചു എന്നാണ് ഒരു പാര്‍ലമെന്‍ററി റിപ്പോര്‍ട്ട് പറയുന്നത്. മരുന്നുകള്‍ക്കും മരുന്ന് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ക്കും വേണ്ടി ചൈനയെ അമിതമായി ആശ്രയിക്കരുതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതിര്‍ത്തിയിലെ കടന്നു കയറ്റങ്ങളെ ഫലപ്രദമായി തിരിച്ചടിച്ചതിനു ശേഷം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നേരെയും കടുത്ത നിലപാടാണ് ഇന്ത്യ എടുത്തിരിക്കുന്നത്. പക്ഷെ ജീവന്‍ രക്ഷാ വസ്‌തുക്കളായ എപിഐകള്‍ കളിപ്പാട്ടങ്ങള്‍ നിരോധിക്കുന്ന പോലെ എളുപ്പത്തില്‍ നിരോധിക്കാവുന്ന ഒന്നല്ല. ഈ വെല്ലുവിളി വിശദമായി പരിശോധിച്ച ഒരു പാര്‍ലിമെന്‍ററി പാനല്‍ സമഗ്രമായ മാര്‍ഗ നിര്‍ദേശങ്ങളോടു കൂടി ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എപിഐ നിര്‍മ്മാണത്തില്‍ സ്വയം പര്യാപ്‌തതയുടെ പ്രാധാന്യത്തെക്കുറിച്ച് ആ റിപ്പോര്‍ട്ടില്‍ ഊന്നി പറയുന്നുണ്ട്. അതിനു പുറമെ ജനറിക് മരുന്നുകള്‍ സംഭരിച്ചു വെക്കണമെന്ന് ശക്തമായി ഉപദേശിക്കുന്ന പാനല്‍, മരുന്നുകളുടെ യഥാര്‍ഥ കസ്റ്റംസ് തീരുവ വെട്ടി കുറയ്ക്കണമെന്നും ആവശ്യപ്പെടുന്നു. ആഭ്യന്തര മരുന്ന് നിര്‍മാണ മേഖലയെ പുനരുജ്ജീവിപ്പിച്ചു കൊണ്ട് സര്‍ക്കാര്‍ വന്‍ തോതില്‍ മരുന്ന് നിര്‍മിക്കുന്ന യൂണിറ്റുകള്‍ സ്ഥാപിക്കേണ്ടിയിരിക്കുന്നു.