ന്യൂഡൽഹി: സൈന്യത്തിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് താല്‍ക്കാലികമായി ആയിരിക്കണമെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമുക്ക് ആവശ്യമായ പ്രതിരോധ ഉപകരണങ്ങള്‍ നമ്മള്‍ തന്നെ നിര്‍മിച്ച് സ്വയം പര്യാപ്‌തരാകണമെന്നും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു നിര്‍ദേശിക്കുകയുണ്ടായി. പ്രതിരോധം പോലുള്ള നിര്‍ണായക മേഖലയിലെ ഇന്ത്യയുടെ ആശ്രയത്വം ദശാബ്‌ദങ്ങളായി തുടര്‍ന്നു വരുന്നതാണ്. താല്‍കാലികം, സ്വയം പര്യാപ്‌തത എന്നിങ്ങനെയുള്ള വാക്കുകളുടെ യഥാര്‍ഥ അര്‍ഥം എന്താണെന്ന് മനസിലാക്കുവാനുള്ള വിവേകം ഇല്ലാതെ പോയ നമ്മുടെ ഭരണാധികാരികളുടെ ഹ്രസ്വ ദൃഷ്ടിയാണ് ഇതിനു കാരണമായത്. അതാകട്ടെ തുടര്‍ന്നു കൊണ്ടിരിക്കുന്ന ഇറക്കുമതികളിലൂടെ രാജ്യ സുരക്ഷയെ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്നു.
കഴിഞ്ഞ രണ്ട് ദശാബ്‌ദങ്ങളില്‍ പ്രതിരോധ ഉപകരണങ്ങള്‍ പ്രാദേശികമായി ഉല്‍പാദിപ്പിച്ച് സ്വയം പര്യാപ്‌തത നേടിയെടുക്കുന്നതിനു വേണ്ടി എട്ട് കമ്മിറ്റികളും ടാസ്‌ക് ഫോഴ്‌സുകളും നിരവധി റിപ്പോര്‍ട്ടുകളും ശുപാര്‍ശകളും നല്‍കുകയുണ്ടായി. പക്ഷെ ഫലപ്രദമായ നടപ്പിലാക്കല്‍ പദ്ധതി ഇല്ലാതെ പോയതിനാല്‍ പ്രശ്‌നം എവിടെ തുടങ്ങിയോ അവിടെ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രി ആത്മ നിര്‍ഭര്‍ ഭാരത് (സ്വയം പര്യാപ്‌ത ഭാരതം) എന്ന് നാമകരണം ചെയ്‌തു കൊണ്ട് തയ്യാറാക്കിയ തന്ത്ര രേഖയില്‍ പ്രതിരോധ മേഖലയില്‍ ഇന്ത്യ സ്വയം പര്യാപ്‌തത കൈവരിക്കുന്നതിനു വേണ്ടിയുള്ള മാര്‍ഗ നിര്‍ദേശം നല്‍കുന്ന നയ പ്രസ്‌താവനകള്‍ നടത്തിയിട്ടുണ്ട്. 2025ഓടു കൂടി 75 ലക്ഷം കോടി രൂപയുടെ ആഭ്യന്തര വിറ്റു വരവും 35 ലക്ഷം കോടി രൂപയുടെ കയറ്റുമതിയും സാധ്യമാക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നതിനായി പ്രതിരോധ ഉല്‍പന്ന കയറ്റുമതി വികസന നയ രൂപഘടന തയ്യാറാക്കിയിട്ടുണ്ട്.
നിലവിലെ ആഭ്യന്തര പ്രതിരോധ ഉല്‍പാദനത്തിന്‍റെ വിറ്റു വരവ് 80000 കോടി രൂപയാണ്. പൊതു മേഖലാ കമ്പനികളുടെയും സര്‍ക്കാരിന്‍റെയും ആയുധ ഫാക്ടറികളുടെ ഓഹരി പങ്കാളിത്തം 63000 കോടി രൂപയും. പ്രതിരോധ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി 2001 മുതല്‍ തന്നെ സ്വകാര്യ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട് എന്ന് നമ്മള്‍ പറയുന്നു എങ്കിലും അവരുടെ വിറ്റു വരവ് 17000 കോടി രൂപയില്‍ പരിമിതപ്പെട്ടു നില്‍ക്കുന്നു. 52000 കോടി രൂപ നമ്മുടെ ആഭ്യന്തര പ്രതിരോധ വ്യവസായത്തിന് പുതിയ ജീവശ്വാസം നല്‍കുന്നതിനു വേണ്ടി ഈ വര്‍ഷം ആഭ്യന്തര സംഭരണത്തിനായി വഴി തിരിച്ചു വിടുമെന്ന് പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 101 പ്രതിരോധ ഇറക്കുമതി ഉല്‍പന്നങ്ങള്‍ നിരോധിച്ചു. നാല് ലക്ഷം കോടി രൂപയുടെ ഓര്‍ഡറുകള്‍ അടുത്ത ആറ് വര്‍ഷത്തിലായി ആഭ്യന്തര വ്യവസായ മേഖലയ്ക്ക് നല്‍കും. സ്വയം പര്യാപ്‌തത എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങള്‍ അനിവാര്യമാണ്.