ന്യൂഡൽഹി: സീമാപുരി പ്രക്ഷോഭത്തിൽ അറസ്റ്റിലായ പ്രതിയുടെ പ്രായം തെളിയിക്കുന്നതിനായി അസ്ഥി പരിശോധനക്ക് ഡൽഹി കോടതിയുടെ നിർദേശം. സീമാപുരിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയതിൽ അറസ്റ്റ് ചെയ്‌ത പ്രതിയുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖകളുടെ അഭാവത്തിലാണ് പരിശോധനക്ക് കോടതി നിർദേശം നൽകിയത്. ഇന്ന് പരിശോധന നടത്തി ഡിസംബർ 30ന് റിപ്പോർട്ട് സമർപ്പിക്കാൻ ജിടിബി ആശുപത്രി സൂപ്രണ്ടിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സീമാപുരി പ്രക്ഷോഭം; പ്രതിയുടെ പ്രായം തെളിയിക്കാൻ അസ്ഥി പരിശോധനക്ക് കോടതി നിർദേശം - ossification test of accused
പ്രതിയുടെ ഹർജി പരിഗണിക്കുന്ന സമയത്ത് പ്രായം തെളിയിക്കാൻ ഹാജരാക്കിയ രേഖകൾക്ക് സാധുതയില്ലെന്ന് ഡൽഹി കോടതി കണ്ടെത്തിയതിനെതുടർന്നാണ് അസ്ഥി പരിശോധനക്ക് നിർദേശം നൽകിയത്.
പ്രതിയുടെ പ്രായം തെളിയിക്കാൻ സമർപ്പിച്ച രേഖകൾക്ക് സാധുതയില്ലെന്ന് കണ്ടെത്തിയതിനെതുടർന്നാണ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഗീത ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതി പ്രായപൂർത്തിയായിട്ടില്ലെന്ന് കാണിച്ച് അഭിഭാഷകരായ സക്കീർ റാസ, മോനിസ് റെയ്‌സ് എന്നിവർ സമർപ്പിച്ച ഹർജി കോടതി പരിഗണിച്ചിരുന്നു. ഹർജി പരിഗണിക്കുന്ന സമയത്ത് പ്രതിയുടെ പ്രായം തെളിയിക്കാൻ ഹാജരാക്കിയ രേഖകൾക്ക് സാധുതയില്ലെന്ന് കോടതി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അസ്ഥി പരിശോധനക്ക് പ്രതിയെ വിധേയമാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.
പ്രതിക്ക് പറ്റിയ പരിക്കുകൾ പൊലീസ് മർദനമേറ്റത് കൊണ്ടാണെന്ന് സംശയിക്കുന്നതായും ശരിയായ വൈദ്യസഹായവും കൗൺസിലിങും പ്രതിക്ക് നൽകണമെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്. അതേസമയം കേസിൽ അറസ്റ്റിലായ മറ്റ് 10 പ്രതികൾ കോടതിയിൽ ജാമ്യാപേക്ഷ നൽകി. എഫ്‌ഐആർ വളരെ വൈകിയാണ് സമർപ്പിച്ചത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് തടങ്കലിൽ പാർപ്പിക്കാൻ പൊലീസ് തീരുമാനിച്ചതായും കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസ് ചേർത്തതായും ഹർജിയിൽ പറയുന്നു. സീമാപുരിയിലെ പ്രക്ഷോഭത്തിൽ അറസ്റ്റിലായ 14 പേരെ നേരത്തെ തന്നെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടിരുന്നു.