റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടുവെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു. പ്രതിരോധമന്ത്രാലയത്തില്‍ നിലവില്‍ ജോലി ചെയ്യുന്നവരോ വിരമിച്ചവരോ ആയ ഉദ്യോഗസ്ഥരാണ് ഇടപാട് സംബന്ധിച്ച രേഖകള്‍ മോഷ്ടിച്ചതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്‍റെ വാദം.
റാഫേലിന്‍റെ രഹസ്യ രേഖകള്‍ സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച ദ് ഹിന്ദു ദിനപത്രത്തിന്‍റെ നടപടി ഔദ്യോഗിക രഹസ്യ നിയമപ്രകാരം കുറ്റകരമാണെന്നും പത്രത്തിനെതിരെ കേസെടുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കൂടാതെ പ്രതിരോധമന്ത്രിയുടെ മറുപടിക്കുറിപ്പില്ലാതെ തെറ്റിദ്ധരിപ്പിക്കും വിധം പകുതി മാത്രമാണ് പത്രത്തിൽ വന്നത്. ഇതും കുറ്റകരമാണെന്ന് വേണുഗോപാല്‍ ചൂണ്ടികാട്ടി. റാഫേല്‍ യുദ്ധവിമാനം വാങ്ങാൻ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കരാര്‍ 1963 കോടി രൂപയോളം അധികചെലവ് വരുത്തിയെന്നാണ് ദ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തത്.