ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ചൈന അതിർത്തിക്ക് സമീപം കാണാതായ ഇന്ത്യന്‍ വ്യോമസേന വിമാനത്തിലുണ്ടായിരുന്ന സൈനികരില്‍ മലയാളിയും. കൊല്ലം അഞ്ചല്‍ ആലഞ്ചേരി വിജയ വിലാസത്തിൽ അനൂപ് കുമാറാണ് കാണാതായ സംഘത്തിലുള്ള മലയാളി. അസമിലെ ജോര്‍ഹടിൽ നിന്ന് അരുണാചൽ പ്രദേശിലെ മേചുകയിലേയ്ക്ക് ഏഴ് വ്യോമസേനാ ഉദ്യോഗസ്ഥരും ആറ് സൈനികരുമായി സഞ്ചരിച്ച എഎൻ-32 വിമാനമാണ് കാണാതായത്.
വ്യോമസേന വിമാനത്തിന് വേണ്ടി തെരച്ചിൽ തുടരുന്നു: കാണാതായവരിൽ മലയാളിയും
വ്യോമസേനാ വിമാനത്തിൽ കൊല്ലം അഞ്ചൽ സ്വദേശി അനൂപ് കുമാറും.
ജൂണ്‍ മൂന്നിന് 12.25ന് മേചുകയിലെ ലാൻഡിങ് സ്ട്രിപ്പിൽ എത്തേണ്ടിയിരുന്ന വിമാനം കാണാതാവുകയായിരുന്നു. ഒരു മണിയോടെ വിമാനവുമായുള്ള സാങ്കേതിക ബന്ധം നഷ്ടപ്പെട്ടു. ഉപഗ്രഹചിത്രങ്ങളും ചാരവിമാനങ്ങളും യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും പട്ടാളക്കാരും ഉള്‍പ്പെടെയുള്ള സംഘം വ്യാപകമായ തെരച്ചിലാണ് അരുണാചല്‍ പ്രദേശിൽ നടത്തുന്നത്. കഴിഞ്ഞ 40 വര്‍ഷമായി എഎൻ വിമാനങ്ങള്‍ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാണ്. മലനിരകള്‍ നിറഞ്ഞ അതീവ ദുഷ്കരമായ പാതയിലൂടെയായിരുന്നു വിമാനം സഞ്ചരിച്ചിരുന്നത്. പഴക്കം ചെന്ന വിമാനങ്ങളാണ് എഎന്‍ വിഭാഗം. അതുകൊണ്ടുതന്നെ ഇവയില്‍ റഡാര്‍ അടക്കമുള്ള സാങ്കേതിക വിദ്യകളില്ല.
2016ൽ ഇത്തരത്തില്‍ വ്യോമസേനയുടെ എഎന്‍- 32 വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായിരുന്നു. അന്ന് 29 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ചെന്നൈയില്‍ നിന്ന് അന്തമാന്‍ നിക്കോബാര്‍ ദ്വീപിലേക്കായിരുന്നു വിമാനം പുറപ്പെട്ടത്. കടലില്‍ തെരച്ചിലുകള്‍ ശക്തമാക്കിയിരുന്നെങ്കിലും വിമാനം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.