ന്യൂഡൽഹി:കൊവിഡ് ലോക്ക് ഡൗൺ കാലയളവിൽ രാജ്യത്തുടനീളമുള്ള അതിഥി തൊഴിലാളികൾ നേരിടുന്ന ദുരിതങ്ങളും ബുദ്ധിമുട്ടുകളും സംബന്ധിച്ച് മനുഷ്യാവകാശ പ്രവർത്തക മേധാ പട്കർ സമർപ്പിച്ച ഹർജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും.
ജസ്റ്റിസ് അശോക് ഭൂഷന്‍റെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എംആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് പട്കറുടെ ഹര്‍ജി പരിഗണിക്കുക. എല്ലാ കുടിയേറ്റക്കാർക്കും ടിക്കറ്റിംഗ് സംവിധാനത്തിനായി ഉപയോഗിക്കാൻ കഴിയുന്ന ഏകീകൃത പ്ലാറ്റ്ഫോം ഉണ്ടാക്കണമെന്ന് മേധ പട്കർ നിർദ്ദേശിച്ചിട്ടുണ്ട്.
കാൽനടയായി വീടുകളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികൾക്ക് അഭയം, വീട്, ഭക്ഷണം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നൽകാൻ സർക്കാരുകൾക്കും (കേന്ദ്ര, സംസ്ഥാന സർക്കാരുകൾ) ബന്ധപ്പെട്ട അധികാരികൾക്കും നിര്‍ദേശം നൽകണമെന്നും ഹര്‍ജിയിൽ പറയുന്നു.
ലോക്ക് ഡൗൺ കാലയളവിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളുടെ ദുരവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നവും സുപ്രീം കോടതി പരിഗണിക്കും. മെയ് 26 ന് അതിഥി തൊഴിലാളികളുടെ "പ്രശ്നങ്ങൾ", "ദുരിതങ്ങൾ" എന്നിവയെക്കുറിച്ച് സുപ്രീം കോടതി മനസിലാക്കുകയും സഹായം നൽകുന്നതിൽ കേന്ദ്രത്തിന്‍റെയും സംസ്ഥാന സർക്കാരുകളുടെയും ഭാഗത്തുനിന്ന് ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യൻ സർക്കാരിനും രാജ്യത്തെ എല്ലാ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ സർക്കാരുകൾക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ഇക്കാര്യത്തിൽ പ്രതികരണങ്ങൾ അറിയിക്കണമെന്നും മെയ് 28 ന് വാദം കേൾക്കുമെന്നും കോടതി അയച്ച നോട്ടീസിൽ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ സോളിസിറ്റർ ജനറലിന്‍റെ സഹായവും കോടതി തേടിയിരുന്നു.