ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ഒരേസമയം നടപ്പാക്കണമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരായ കേന്ദ്ര സര്‍ക്കാരിന്‍റെ ഹര്‍ജി സുപ്രീം കോടതി മാര്‍ച്ച് 23ന് പരിഗണിക്കും. നാല് പ്രതികളുടെയും വധശിക്ഷ മാര്‍ച്ച് 20ന് നടപ്പാക്കുമെന്ന വിചാരണ കോടതിയുടെ ഉത്തരവ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‌ത ജസ്റ്റിസ് ആര്‍.ഭാനുമതി അധ്യക്ഷയായ ബെഞ്ചിനെ അറിയിച്ചു. 20ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയാലും ഭാവിയില്‍ പരിഗണിക്കാനിരിക്കുന്ന കേസുകളില്‍ പ്രതികളായവരെ ഒരുമിച്ച് തൂക്കിലേറ്റണോ വേണ്ടയോ എന്ന കാര്യത്തില്‍ സുപ്രീം കോടതിയുടെ വിധി നിര്‍ണായകമാകും.
നിര്‍ഭയ പ്രതികളുടെ കൂട്ട വധശിക്ഷ; ഹര്‍ജി സുപ്രീംകോടതി 23ന് പരിഗണിക്കും - ജസ്റ്റിസ് ആര്‍.ഭാനുമതി
പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20ന് ഒരുമിച്ച് നടപ്പാക്കുമെങ്കിലും ഭാവിയില്‍ കൂട്ടുപ്രതികളെ ഒരുമിച്ച് തൂക്കിലേറ്റണോ വേണ്ടയോ എന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ തീരുമാനം നിര്‍ണായകമാണ്
പ്രതികൾ വധശിക്ഷാ കാലാവധി നീട്ടാന്‍ വേണ്ടി തന്ത്രപരമായി നീങ്ങുകയാണെന്നും നീതിന്യായവ്യവസ്ഥയെ പരിഹസിക്കുകയാണെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്.ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ചിനോട് തുഷാര്‍ മെഹ്‌ത വ്യക്തമാക്കി. നിയമനടപടികളുടെ കാലതാമസം കാരണം ഇതുവരെ മൂന്ന് തവണയാണ് പ്രതികളായ മുകേഷ് കുമാര്‍ സിങ്(32), പവന്‍ ഗുപ്‌ത(25), വിനയ് ശര്‍മ(26), അക്ഷയ് കുമാര്‍ സിങ്(31) എന്നിവരുടെ വധശിക്ഷ നീട്ടിവെച്ചത്.
നിർഭയ കേസിലെ നാല് പ്രതികളെയും വെവ്വേറെയല്ല, മറിച്ച് ഒരുമിച്ച് വധിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നിയമപരമായി ലഭിക്കാനിടയുള്ള എല്ലാ അവകാശങ്ങളും അവസാനിച്ചതോടെയാണ് മാര്‍ച്ച് 20ന് രാവിലെ 5.30ന് പ്രതികളെ വധശിക്ഷക്ക് വിധേയമാക്കുമെന്ന മരണ വാറണ്ട് വ്യാഴാഴ്‌ച വിചാരണ കോടതി പുറപ്പെടുവിച്ചത്.