ന്യൂഡല്‍ഹി:നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി ജനുവരി 20 തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. സംഭവം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കാണിച്ചാണ് പവന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
നേരത്തെ ഇതേ വാദമുന്നയിച്ച് പവന്‍ ഹൈക്കോടതിയേയും സമീപിച്ചിരുന്നു. തന്നെ കുട്ടിക്കുറ്റവാളിയായി വിചാരണക്ക് വിധേയനാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ഡല്‍ഹി ഹൈക്കോടതി പവന്‍റെ ആവശ്യം തള്ളി. ഇതിനെതിരെയാണ് പവന്‍ സുപ്രീംകോടതിയിലെത്തുന്നത്.
നിര്‍ഭയ കേസ്; പവന്‍ ഗുപ്തയുടെ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും - കുട്ടിക്കുറ്റവാളികള്‍
സംഭവം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കാണിച്ചാണ് പവന്‍ സുപ്രീംകോടതിയെ സമീപിച്ചത്. തന്നെ കുട്ടിക്കുറ്റവാളിയായി വിചാരണക്ക് വിധേയനാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

കേസിലെ നാല് പ്രതികളുടേയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാനുള്ള മരണ വാറണ്ട് വെള്ളിയാഴ്ച പാട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് പ്രതികളെ തൂക്കിലേറ്റുക. നേരത്തെ ജനുവരി 22ന് വധശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ പ്രതികളിലൊരാളായ മുകേഷ് സിങ് ദയാഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെ വധശിക്ഷ നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുകയായിരുന്നു.
2012ലാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിനിരയാകുന്നത്. കേസില്‍ ആകെ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ഒന്നാം പ്രതി രാംസിങ് തിഹാല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ തൂങ്ങി മരിച്ചു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങി. അക്ഷയ് ഠാക്കൂര്‍ സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരാണ് വധശിക്ഷ കാത്ത് കഴിയുന്നത്. ഇവര്‍ക്കെതിരെ പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു.