ന്യൂഡൽഹി: സര്‍ക്കാര്‍ വസതി ഉപയോഗിക്കുന്നതിന് മുൻ മുഖ്യമന്ത്രിമാർ വാടക നൽകണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ കഴിഞ്ഞ വർഷത്തെ ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാലിനെതിരായ കോടതിയലക്ഷ്യ നടപടികൾ സുപ്രീം കോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് ആർ. എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് കോടതിയലക്ഷ്യ നടപടികൾ സ്റ്റേ ചെയ്തത്.
മുൻ മുഖ്യമന്ത്രിമാർക്ക് സ്ഥലം വിട്ടുനൽകിയതിനുശേഷം താമസം തുടരുന്ന കാലയളവിൽ മാർക്കറ്റ് വാടക നൽകണമെന്ന് കഴിഞ്ഞ വർഷം ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുൻ മുഖ്യമന്ത്രിമാർക്ക് പാർപ്പിടവും മറ്റ് സൗകര്യങ്ങളും നൽകുന്ന 2001 മുതലുള്ള സർക്കാർ ഉത്തരവുകളെല്ലാം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു.