ന്യൂഡല്‍ഹി: ഹത്രാസില്‍ ദളിത് പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സുപ്രീംകോടതിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി വിധി പറയാൻ മാറ്റി. കേസിൽ ഇന്ന് യുപി സർക്കാർ ഉൾപ്പടെ എല്ലാ കക്ഷികളുടെയും വാദം പൂർത്തിയായ സാഹചര്യത്തിലാണ് വിധി പറയാൻ മാറ്റിയത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജികൾ നേരിട്ട് പരിഗണിച്ചത്. ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരാണ് ബഞ്ചിലുള്ളത്. മുതിർന്ന അഭിഭാഷനായ ഹരീഷ് സാൽവെയാണ് യുപി പൊലീസിന് വേണ്ടി ഹാജരായത്. പെൺകുട്ടിയുടെ കുടുംബത്തിന് നൽകിയ സുരക്ഷ സംബന്ധിച്ചും നിയമസഹായം സംബന്ധിച്ചും വിശദമായ സത്യവാങ്മൂലങ്ങൾ കോടതിയിൽ യുപി പൊലീസ് സമർപ്പിച്ചിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സുരക്ഷയും നൽകിയിട്ടുണ്ടെന്ന് യുപി പൊലീസ് വാദിച്ചു. പെൺകുട്ടിയുടെ വീടിന് ചുറ്റും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അഭിഭാഷകയായി അഡ്വ. സീമ കുശ്‍വാഹയെ പെൺകുട്ടിയുടെ കുടുംബം തീരുമാനിച്ചതായി ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. ഇതോടൊപ്പം ഒരു സർക്കാർ അഭിഭാഷകനെക്കൂടി നിയോഗിക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടതിയിൽ ഹരീഷ് സാൽവെ പറഞ്ഞു.
ഹത്രാസ് കേസിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം; ഹർജി വിധി പറയാൻ മാറ്റി - ഹർജി വിധി പറയാൻ മാറ്റി
കേസിൽ ഇന്ന് യുപി സർക്കാർ ഉൾപ്പടെ എല്ലാ കക്ഷികളുടെയും വാദം പൂർത്തിയായ സാഹചര്യത്തിലാണ് വിധി പറയാൻ മാറ്റിയത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജികൾ നേരിട്ട് പരിഗണിച്ചത്.
![ഹത്രാസ് കേസിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം; ഹർജി വിധി പറയാൻ മാറ്റി SC reserves order on transfer of Hathras case from UP to Delhi court monitoring of probe Supreme Court Hathras case ഹത്രാസ് കേസിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം; ഹർജി വിധി പറയാൻ മാറ്റി ഹത്രാസ് കേസ് സുപ്രീംകോടതി ഹർജി വിധി പറയാൻ മാറ്റി എസ് എ ബോബ്ഡെ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9183310-520-9183310-1602759375786.jpg)
കേസ് വിചാരണ യുപിക്ക് പുറത്തേക്ക് മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഡ്വ. സീമ കുശ്‍വാഹ ആവശ്യപ്പെട്ടു. പ്രതികൾക്ക് വേണ്ടി ഹാജരാകാൻ മുതിർന്ന അഡ്വക്കറ്റ് സിദ്ധാർത്ഥ് ലുത്ര എത്തി ചില വാദമുഖങ്ങൾ ഉന്നയിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അഡ്വ. ഇന്ദിര ജയ്‍സിംഗ് ഇതിനെ എതിർത്തു. ഉത്തർപ്രദേശിൽ ഈ കേസിന്‍റെ സുതാര്യമായ വിചാരണ നടക്കില്ലെന്ന് ഇന്ദിര ജയ്‍സിംഗ് വാദിച്ചു. കേസന്വേഷണം അട്ടിമറിക്കപ്പെട്ട സ്ഥിതിയിലാണ്. എഫ്ഐആറിൽ നമ്പർ പോലുമിട്ടിട്ടില്ല - അവർ ചൂണ്ടിക്കാട്ടി. അതിനാൽ, കോടതിയുടെ നേതൃത്വത്തിൽ കേസന്വേഷണം മുന്നോട്ടുപോകണം. കേസിന് പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ വേണം. സാക്ഷികളുടെ സംരക്ഷണം യുപി സർക്കാർ ഉറപ്പുനൽകുന്നതിൽ ഞങ്ങൾക്ക് വിശ്വാസമില്ല. സാക്ഷികളുടെ സംരക്ഷണം സിആർപിഎഫ് ഏറ്റെടുക്കണം. യുപി പൊലീസിനെ വിശ്വസിക്കാനാകില്ല. സംസ്ഥാനസർക്കാരിനെതിരെ ഇരയുടെ കുടുംബത്തിന് പരാതികളുണ്ട്. എത്ര പേർ കുടുംബത്തിലിപ്പോഴും സുരക്ഷിതരാണെന്നറിയില്ല. ഉത്തർപ്രദേശിന് പുറത്തേക്ക് ഈ കേസ് വിചാരണ മാറ്റേണ്ടത് അത്യാവശ്യമാണെന്നും ജയ്‍സിംഗ് വാദിച്ചു.
ഇരയുടെ കുടുംബത്തിന് സിആർപിഎഫ് സംരക്ഷണം നൽകുന്നതിൽ എതിർപ്പില്ലെന്ന് യുപി പൊലീസിന് വേണ്ടി ഹാജരായ ഹരീഷ് സാൽവെ വ്യക്തമാക്കി. അന്വേഷണപുരോഗതി ഇരയുടെ കുടുംബത്തെ അറിയിക്കരുതെന്നും, ഇത് കുറ്റാരോപിതർക്കെതിരെ സുതാര്യമായി അന്വേഷണം നടക്കുന്നത് തടയുമെന്നും അഡ്വ. സിദ്ധാർത്ഥ് ലുത്ര വാദിച്ചെങ്കിലും സുപ്രീംകോടതി ഇത് പരിഗണിച്ചില്ല. പറയാനുള്ളത് അലഹാബാദ് ഹൈക്കോടതിയെ അറിയിക്കാൻ നിർദേശിച്ച ചീഫ് ജസ്റ്റിസ് ഈ വാദമുഖങ്ങൾ സുപ്രീംകോടതി കേൾക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. അഭിഭാഷകരായ അഡ്വ. കോളിൻ ഗോൺസാൽവസ്, അഡ്വ. അപർണ ഭട്ട്, അഡ്വ. കീർത്തി സിംഗ്, അഡ്വ. ബി ആർ താലേദ്കർ എന്നിവരും കേസിൽ ഹാജരായി വാദിച്ചു. ഇവയെല്ലാം കേട്ട കോടതി വിധി പറയാനായി കേസ് മാറ്റിവയ്ക്കുകയായിരുന്നു. വിധിപ്രസ്താവത്തിന്‍റെ തീയതി പിന്നീട് അറിയിക്കും.