ന്യൂഡല്‍ഹി:ഇന്ത്യൻ സൈന്യത്തിൽ വനിതകളെ സ്ഥിരം കമ്മിഷൻഡ് ഉദ്യോഗസ്ഥരായി നിയമിക്കാമെന്ന് സുപ്രീംകോടതി. വനിതകൾക്ക് കരസേനയിൽ സുപ്രധാന പദവികളാകാമെന്നും ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ ലിംഗവിവേചനം പാടില്ലെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 2010ലെ ഡൽഹി ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
വനിതകളെ സൈന്യത്തിൽ സ്ഥിരം കമ്മിഷൻഡ് ഉദ്യോഗസ്ഥരായി നിയമിക്കാമെന്ന് സുപ്രീംകോടതി - ഇന്ത്യൻ സൈന്യം
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് പ്രതിരോധ സേനകളില്‍ സുപ്രധാന പദവികളില്‍ സ്ത്രീകളെ നിയമിക്കുന്നതിനുള്ള വിധി പുറപ്പെടുവിച്ചത്.
വനിതാ ഉദ്യോഗസ്ഥരെ യുദ്ധമേഖലയിലല്ലാതെ എല്ലാ തന്ത്രപ്രധാന മേഖലകളില്‍ നിയമിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സ്ത്രീകളുടെ കഴിവിനെയും നേട്ടങ്ങളെയും സംശയിക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണ്. സ്ത്രീകളുടെ ശാരീരികമായ ഘടനയും അവരുടെ അവകാശങ്ങളും തമ്മിൽ ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി. യുദ്ധ തടവുകാരാകുന്നത് ഒഴിവാക്കാനാണ് വനിത ഓഫീസർമാരെ കമാൻഡർ പോസ്റ്റുകളിൽ നിയമിക്കാത്തത് എന്ന കേന്ദ്ര സർക്കാർ നിലപാട് ലിംഗവിവേചനമാണെന്നും കോടതി നിരീക്ഷിച്ചു.
വനിത ഉദ്യോഗസ്ഥരെ പ്രധാന പദവികളിൽ നിയമിക്കാൻ പുരുഷ ഉദ്യോഗസ്ഥർ തയ്യാറല്ല എന്നും കേന്ദ്രം വാദിച്ചിരുന്നു. സ്ത്രീകളുടെ ശാരീരിക പരിമിതികൾ കാരണം അവർക്ക് സൈന്യത്തിലെ സ്ഥിരം ജോലികൾ നിർവഹിക്കാൻ പരിമിതികളുണ്ടെന്നും സർക്കാർ നൽകിയ ഹർജിയിൽ പറഞ്ഞു. അതേസമയം കായികക്ഷമത, മാതൃത്വം, കുടുംബം എന്നിവ ഉയർത്തി കേന്ദ്രം ഉന്നയിക്കുന്ന വാദം കരസേനക്ക് തന്നെ അപമാനമാണെന്നും സൂപ്രീം കോടതി ചൂണ്ടിക്കാട്ടി.