ന്യൂഡൽഹി: എയർ ഇന്ത്യയുടെ വിമാനങ്ങളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ കൊണ്ടുവരാമെന്ന ഇടക്കാല ഉത്തരവ് പുനപരിശോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് രണ്ട് ദിവസം മുമ്പ് വിധി പ്രഖ്യപിച്ച ഹർജി പുന പരിശോധിക്കണമെന്ന ആവശ്യം തള്ളിയത്. സുപ്രീം കോടതി തിങ്കളാഴ്‌ച അടുത്ത മാസം ആറു വരെ വിമാനത്തിന്‍റെ നടുവിലത്തെ സീറ്റിൽ യാത്രക്കാരെ അനുവദിക്കാമെന്ന് ഉത്തരവിറക്കിയിരുന്നു. ശേഷം, ബോംബെ ഹൈക്കോടതിയുടെ അന്തിമവിധിക്ക് അനുസൃതമായി വിമാനത്തിലെ സീറ്റുകൾ ക്രമീകരിച്ച് സർവീസുകൾ തുടരണമെന്നും കോടതി നിർദേശിച്ചു.
എയർ ഇന്ത്യ സർവീസുകൾക്ക് ഇളവ്; ഉത്തരവ് പുനപരിശോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
വിദേശത്ത് കുടങ്ങിയ യാത്രക്കാരെ തിരിച്ച് എത്തിക്കുന്നതിൽ അടുത്ത മാസം ആറു വരെ വിമാനത്തിന്‍റെ മുഴുവൻ സീറ്റുകളും ഉപയോഗിക്കാം എന്നാണ് സുപ്രീം കോടതി ഉത്തരവിറക്കിയത്
വന്ദേ ഭാരത് ദൗത്യത്തിലേര്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ പൈലറ്റ് മെയ് 22ന് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, വിമാനത്തിൽ നടുവിലത്തെ സീറ്റുകളിൽ യാത്രക്കാരെ ഉൾപ്പെടുത്തരുതെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിറക്കി. ഇതിനെതിരെ കേന്ദ്ര സർക്കാരും എയർ ഇന്ത്യയും സുപ്രീം കോടതിയിൽ അപ്പീൽ നൽകി. എന്നാൽ, ജനങ്ങളുടെ ആരോഗ്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്കണ്ഠപ്പെടേണ്ടതെന്ന് വ്യക്തമാക്കിയ കോടതി അടുത്ത മാസം ആറ് വരെ മധ്യസീറ്റുകളിൽ യാത്ര അനുവദിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. വിദേശത്ത് ഒട്ടനവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായും ഇതിന് പരിഹാരമായി ഒരേ കുടുംബത്തിലുള്ളവരെ അടുത്തടുത്ത സീറ്റിൽ ഉൾക്കൊള്ളിച്ചുകൊണ്ട് സർവീസുകൾ നടത്താൻ അനുവദിക്കണമെന്നും തിങ്കളാഴ്‌ച എയര്‍ ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിക്ക് മുമ്പിൽ വിശദീകരിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്.