കേരളം

kerala

ETV Bharat / bharat

തടവുകാരെ മോചിപ്പിക്കാനുള്ള പൊതു നിർദേശങ്ങൾ നൽകാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി - തടവുകാർ

എല്ലാ സംസ്ഥാനങ്ങളിലെയും ജയിലുകളിലെ സാഹചര്യം ഒരുപോലെയല്ലെന്നും നിർദേശങ്ങൾ നല്‍കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് എസ്‌.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു

RELEASE OF PRISONERS  Supreme Court  SA Bobde  സുപ്രീം കോടതി  തടവുകാർ  ചീഫ് ജസ്റ്റിസ് എസ്‌.എ ബോബ്ഡെ
തടവുകാരെ മോചിപ്പിക്കാനുള്ള പൊതു നിർദേശങ്ങൾ നൽകാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി

By

Published : Jun 5, 2020, 5:07 PM IST

ന്യൂഡൽഹി: കൊവിഡിനെ തുടർന്ന് തടവുകാരെ മോചിപ്പിക്കാനുള്ള പൊതു നിർദേശങ്ങൾ നൽകാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. എല്ലാ സംസ്ഥാനങ്ങളിലെയും തടവുകാരെ മോചിപ്പിക്കാൻ നിർദേശങ്ങൾ പാസാക്കാൻ കഴിയില്ലെന്നും ജാമ്യത്തിലും പരോളിലും വിടേണ്ടവരെ തീരുമാനിക്കേണ്ടത് ഹൈക്കോടതിയാണെന്നും ചീഫ് ജസ്റ്റിസ് എസ്‌.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

കോടതി ഉത്തരവ് നൽകിയിട്ടും തടവുകാരെ വിട്ടയക്കുന്നില്ലെന്ന് മുൻ ഐഐഎം അഹമ്മദാബാദ് മേധാവി ജഗദീപ് ചോക്കർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതി ഇന്ന് വാദം കേട്ടത്. തടവുകാരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. തുടർന്ന് ജയിലുകളിലെ കൊവിഡ് വ്യാപനം തടയാൻ തടവുകാരെ ജാമ്യത്തിൽ വിട്ടയക്കുന്നതിനെ കുറിച്ച് തീരുമാനിക്കാൻ ഒരു ഉന്നതാധികാര സമിതിയെ സുപ്രീം കോടതി നിയോഗിച്ചു.

മോചിപ്പിക്കേണ്ട തടവുകാരുടെ പട്ടിക തയ്യാറാക്കാൻ ഉന്നതാധികാര സമിതിക്ക് സുപ്രീംകോടതി നിർദേശം നൽകിയിട്ടും ഇതുവരെയും നടപ്പാക്കിയിട്ടില്ലെന്ന് ചോക്കറിനെ പ്രതിനിധീകരിച്ച് പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും സാഹചര്യം ഒരുപോലെയല്ലെന്ന് ബോബ്‌ഡെ മറുപടി നൽകി. എത്ര തടവുകാരെ വിട്ടയച്ചിട്ടുണ്ടെന്നും, വിട്ടയച്ച തടവുകാരിൽ എത്രപേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്ന് ഭൂഷൺ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ അധികാരപരിധിയിലുള്ള ഹൈക്കോടതികളിലേക്ക് കേസ് മാറ്റണമെന്നും അപേക്ഷ പിൻവലിക്കണമെന്നും പ്രശാന്ത് ഭൂഷണോട് കോടതി നിർദേശിച്ചു.

ABOUT THE AUTHOR

...view details