ന്യൂഡല്‍ഹി:ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡ് അനുവദിക്കാതെ പട്ടിണി മരണം സംഭവിച്ചിട്ടുണ്ടോയെന്ന് സംസ്ഥാനങ്ങളോട് സുപ്രീംകോടതി. ഇക്കാര്യത്തില്‍ ഉടന്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് നല്‍കിയത്.
ആധാര്‍ വിഷയത്തില്‍ താനും ബെഞ്ചിന്‍റെ ഭാഗമായിരുന്നുവെന്നും എന്നാല്‍ ആധാറില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് സേവനങ്ങള്‍ നിഷേധിക്കരുതെന്നും ബോബ്‌ഡെ പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി ഒരു ഉന്നതാധികാര സമിതി നിയോഗിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം.
അതേസമയം റേഷന്‍ ലഭിക്കാത്തതില്‍ പട്ടിണി മരണം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ആധാറില്ലാത്തതിനാല്‍ ആര്‍ക്കും ഭക്ഷണം നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ആധാറില്ലെങ്കിലും റേഷന്‍ കാര്‍ഡ് നല്‍കണമെന്ന് പല സംസ്ഥാനങ്ങളിലും വിജ്ഞാപനം ഉണ്ട്. പക്ഷേ, ആദിവാസി മേഖലകളില്‍ പോകുമ്പോള്‍ റേഷന്‍ ലഭിക്കാത്തവരാണ് കൂടുതല്‍ പേരുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് വാദിച്ചു.
2017 സെപ്തംബര്‍ 28ന് പട്ടിണി മൂലം മരിച്ച ജാര്‍ഖണ്ഡിലെ കരിമതിയിലെ സിംദേഗയില്‍ നിന്നുള്ള 11 കാരിയുടെ മരണത്തില്‍ അമ്മ കോയിലി ദേവിയും സഹോദരിയുമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ദരിദ്രരും ദളിതരുമായ കുടുംബത്തിന് ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ റേഷന്‍ നിഷേധിച്ചതാണ് പെണ്‍കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് ഹര്‍ജിയില്‍ കുടുംബം ആരോപിക്കുന്നത്. 2017 മാര്‍ച്ചിലാണ് ഈ കുടുംബത്തിന് ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ റേഷന്‍ നിഷേധിക്കുന്നത്. അന്ന് മുതല്‍ കുടുംബം പട്ടിണിയിലായിരുന്നു. സന്തോഷി മരിക്കുന്ന ദിവസം വീട്ടില്‍ ചായയും കുറച്ച് ഉപ്പും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.