റിലയന്‍സ് മേധാവി അനില്‍ അംബാനിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ ഉത്തരവ് തിരുത്തിയ രണ്ട് ജീവനക്കാരെ സുപ്രീംകോടതി പിരിച്ചുവിട്ടു. ഭരണഘടനയിലെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍കുമാര്‍ ചക്രവര്‍ത്തി എന്നിവരെ പിരിച്ചുവിട്ടത്. ഇരുവരും അസിസ്റ്റന്‍റ് രജിസ്ട്രാര്‍ റാങ്കിലുള്ളവരാണ്. ബുധനാഴ്ച വൈകിട്ടോടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് നടപടിയെടുത്തത്.
റിലയന്‍സ് ജിയോയ്ക്ക് ആസ്തികള്‍ വിറ്റവകയില്‍ 550 കോടി രൂപ നല്‍കിയില്ലെന്ന എറിക്‌സണ്‍ ഇന്ത്യയുടെ കോടതിയലക്ഷ്യ കേസില്‍ റിലയന്‍സ് കോം ഉടമ അനില്‍ അംബാനി നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജനുവരി ഏഴിന് ജസ്റ്റിസുമാരായ ആര്‍.എഫ്.നരിമാന്‍, വിനീത് സാറന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്‍റെതായിരുന്നു ഉത്തരവ്.