ന്യൂ ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന് ഡൽഹി ഹൈക്കോടതി നൽകിയ ജാമ്യം ചോദ്യം ചെയ്‌ത് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജി കോപ്പിയടിച്ചതാണെന്ന് സുപ്രീംകോടതി കണ്ടെത്തി. ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി. ചിദംബരത്തിന് എതിരായി ഇ.ഡി സമർപ്പിച്ച ഹര്‍ജി കോപ്പിയടിച്ച് ഡി.കെ ശിവകുമാറിനുള്ള ഹർജിയാക്കി നൽകിയെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്.
ജാമ്യാപേക്ഷയില്‍ കോപ്പിയടി: സോളിസിറ്റര്‍ ജനറലിന് സുപ്രീം കോടതിയുടെ വിമർശനം
സുപ്രീംകോടതി വിധി വച്ച് കളിക്കരുതെന്ന് ജസ്റ്റിസ് ആർ.എഫ് നരിമാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ഓര്‍മ്മിപ്പിച്ചു
കോപ്പിയടിച്ച് തെറ്റായ വിവരങ്ങള്‍ ബോധിപ്പിച്ചതിന് സോളിസിറ്റര്‍ ജനറലിനെ കോടതി വിമര്‍ശിച്ചു. സമർപ്പിച്ച ഹർജി പ്രകാരം ഡി.കെ ശിവകുമാര്‍ മുന്‍ ആഭ്യന്തര മന്ത്രിയാണെന്ന് വരെ ഉണ്ടന്നും അദ്ദേഹം എംഎല്‍എയല്ലേ എന്നും കോടതി ചോദിച്ചു. സുപ്രീംകോടതി വിധി വച്ച് കളിക്കരുതെന്ന് ജസ്റ്റിസ് ആർ.എഫ് നരിമാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ഓര്‍മ്മിപ്പിച്ചു. ജസ്റ്റിസ് നരിമാൻ, രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇഡിയുടെ ഹര്‍ജി തള്ളിയത്.
സെപ്റ്റംബർ മൂന്നിന് അറസ്റ്റിലായതിന് ശേഷം അന്വേഷണ ഏജൻസി ഡികെ ശിവകുമാറിനെ വ്യാപകമായി ചോദ്യം ചെയ്‌തിരുന്നു. ശേഷം ഒക്‌ടോബർ 23ന് കോടതി ശിവകുമാറിന് ജാമ്യം നൽകിയിരുന്നു. എല്ലാ ഫയലുകളും ഇതിനകം ഏജൻസിയുടെ കസ്റ്റഡിയിൽ ഉള്ളതിനാൽ തെളിവുകൾ തട്ടിയെടുക്കാൻ ഡികെ ശിവകുമാറിന് കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടർന്ന് ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്‌ത് ഇഡി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.