സ്ഥാനാര്‍ഥികള്‍ക്കെതിരായ കേസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി
സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക നല്‍കി 48 മണിക്കൂറിനകം വിവരങ്ങള്‍ പാര്‍ട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണ് കോടതി നിര്‍ദേശം. ഒപ്പം കേസുകളില്‍ പ്രതികളായവരെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കാനുള്ള കാരണവും പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹി: രാഷ്‌ട്രീയ പാര്‍ട്ടികളിലെ ക്രിമിനലുകള്‍ക്കെതിരെ നടപടികളുമായി സുപ്രീംകോടതി. ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ചേര്‍ക്കണമെന്ന് രാഷ്‌ട്രീയ പാര്‍ട്ടികളോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ഒപ്പം കേസുകളില്‍ പ്രതികളായവരെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കാനുള്ള കാരണവും വ്യക്തമാക്കണമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടികളുടെ സമൂഹമാധ്യമങ്ങളിലെ പേജുകളിലും വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി പറഞ്ഞു. കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ഥിയുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന 2018 സുപ്രീംകോടതി വിധി കൃത്യമായി നടപ്പാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടി വിധി. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക നല്‍കി 48 മണിക്കൂറിനകം വിവരങ്ങള്‍ പാര്‍ട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണ് കോടതി നിര്‍ദേശം. കോടതി നിര്‍ദേശങ്ങള്‍ പാര്‍ട്ടികള്‍ പാലിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.