കശ്മീരികള്‍ക്കെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അതിക്രമങ്ങളില്‍ നടപടി വേണമെന്ന് സുപ്രീം കോടതി. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. എത്രയും വേഗത്തില്‍ അതിക്രമം തടയുകയും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കേന്ദ്ര ഭരണപ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കും നിര്‍ദേശം നല്‍കി. ഇതേ നിര്‍ദേശം സംസ്ഥാനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.
കശ്മീരികള്‍ക്കെതിരായ അതിക്രമം തടയാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് സുപ്രീംകോടതി - ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്
അഭിഭാഷകനായ താരിഖ് അദീപാണ് അക്രമങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ അക്രമികള്‍ വിദ്വേഷ പ്രസംഗം നടത്തുകയും മുസ്ലീങ്ങളേയും കശ്മീരികളേയും തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്തതായി താരിഖ് അദീപ് ഹര്‍ജിയില്‍ പറയുന്നു.
രാജ്യത്ത് കശ്മീരികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെ ബഹിഷ്കരണ വാദങ്ങളും അക്രമങ്ങളും വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നോഡല്‍ ഓഫീസര്‍മാരുടെ നിയമനത്തിന് കേന്ദ്രം പരമാവധി പ്രചാരണം നല്‍കണം. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
അക്രമങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വ്യക്തമാക്കി. കശ്മീരികള്‍ക്കെതിരെ അക്രമങ്ങളൊന്നും നടക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദേക്കര്‍ നേരത്തെ പറഞ്ഞിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നെന്നും അത്തരം വാദങ്ങള്‍ യാഥാര്‍ത്ഥ്യമല്ലെന്നുമാണ് മന്ത്രി പറഞ്ഞത്.