ന്യൂഡൽഹി:ഷഹീൻ ബാഗിൽ സമരം ചെയ്യുന്ന പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ സുപ്രീംകോടതി മധ്യസ്ഥരെ ഏർപ്പെടുത്തി. മുതിർന്ന രണ്ട് അഭിഭാഷകരെ സമരനേതാക്കളുമായി ചർച്ച നടത്താൻ കോടതി നിയോഗിച്ചു. മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ, സാധ്ന രാമചന്ദ്രൻ എന്നിവരെയാണ് സുപ്രീംകോടതി നിയോഗിച്ചിരിക്കുന്നത്.
ഷഹീൻബാഗിൽ മധ്യസ്ഥത വഹിക്കാൻ സുപ്രീംകോടതി - സുപ്രീം കോടതി
പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം മൗലിക അവകാശമാണെന്നും എന്നാൽ റോഡുകൾ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധങ്ങൾ പാടില്ലെന്നും കോടതി പറഞ്ഞു.
പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം മൗലിക അവകാശമാണെന്നും എന്നാൽ റോഡുകൾ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധങ്ങൾ പാടില്ലെന്നും കോടതി പറഞ്ഞു. റോഡ് ഗതാഗതം തടസ്സപ്പെടുത്താതെ, സമരം തുടരാനുള്ള എന്തെങ്കിലും വഴി സ്വീകരിക്കാവുന്നതല്ലേയെന്നും കോടതി ചോദിച്ചു. ഡൽഹി നഗരത്തിന്‍റെ ഒരു പ്രധാനഭാഗത്ത് നടക്കുന്ന സമരം, റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നതാണെന്നും, നഗരത്തിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതാണെന്നും ആരോപണങ്ങളുയർന്നിരുന്നു.
"എല്ലാ പ്രതിഷേധങ്ങൾക്കും പരിധിയും നിയന്ത്രണങ്ങളുമുണ്ട്. എന്നാൽ ഇത്തരം പ്രതിഷേധങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇന്ന് നിങ്ങൾ പ്രതിഷേധിക്കുന്നു. നാളെ മറ്റൊരു സമൂഹം വേറൊരു സ്ഥലത്ത് ഇതുപോലെ പ്രതിഷേധിക്കും. അപ്പോഴും ഗതാഗതം തടസ്സപ്പെടും. അത് അനുവദിക്കാനാകില്ല. ഗതാഗതം സുഗമമായി മുന്നോട്ടുപോകുന്ന തരത്തിൽ സമരം തുടരണം'', സുപ്രീംകോടതി പറഞ്ഞു. എല്ലാവരും റോഡ് തടസ്സപ്പെടുത്താൻ തുടങ്ങിയാൽ ആളുകളെവിടെപ്പോകുമെന്നും കോടതി ചോദിച്ചു.