ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് ഉടമകളുടെ പുനഃപരിശോധനാ ഹര്‍ജികൾ തുറന്ന കോടതിയില്‍ കേൾക്കാമെന്ന് സുപ്രീംകോടതി വാക്കാല്‍ ഉറപ്പ് നല്‍കി. ഫ്ലാറ്റ് ഉടമകൾക്ക് നഷ്‌ട പരിഹാരം നല്‍കാന്‍ കൂടുതല്‍ സമയം വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കെ.ബാലകൃഷ്‌ണന്‍ നായര്‍ സമിതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉചിതമായ നഷ്‌ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്ലാറ്റ് ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഫ്ലാറ്റ് ഉടമകളുടെ ആവശ്യം വാക്കാല്‍ അംഗീകരിച്ചത്. ചീഫ് സെക്രട്ടറി ടോം ജോസിനെതിരെയുള്ള കോടതി അലക്ഷ്യ ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി.
മരട് ഫ്ലാറ്റ് ഉടമകളുടെ പുനഃപരിശോധനാ ഹര്‍ജികൾ തുറന്ന കോടതിയില്‍ കേൾക്കാമെന്ന് സുപ്രീംകോടതി
ജനുവരി 11ന് ഹോളി ഫെയ്ത്ത്, ആല്‍ഫാ സറീന്‍ ഫ്ലാറ്റുകള്‍ സ്‌ഫോടനത്തിലൂടെ പൊളിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. 12ന് ഗോള്‍ഡന്‍ കായലോരവും, ജെയിന്‍ കോറലും പൊളിക്കും.
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്‍റെ പുരോഗതി വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജനുവരി 11ന് ഹോളി ഫെയ്ത്ത്, ആല്‍ഫാ സറീന്‍ ഫ്ലാറ്റുകള്‍ സ്‌ഫോടനത്തിലൂടെ പൊളിക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 12-ാം തീയതി ആണ് ഗോള്‍ഡന്‍ കായലോരവും, ജെയിന്‍ കോറലും പൊളിക്കുന്നത്. ഇതിനോടകം ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരമായി 27.99 കോടി രൂപ നല്‍കിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. ബാക്കി തുക കൈമാറാന്‍ സാവകാശം വേണമെന്നും ആവശ്യപ്പെട്ടു. മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുൾപ്പടെയുള്ള സുപ്രീംകോടതിയുടെ മുൻ ഉത്തരവ് പൂർണമായും പാലിക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.