ന്യൂഡൽഹി: സ്ത്രീകളെ മുസ്ലീം പള്ളികളിൽ കയറുന്നതിൽ നിന്ന് തടയുന്നത് ആരെന്ന് സുപ്രീംകോടതി. സ്ത്രീകൾ പള്ളികളിൽ കയറാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് സുപ്രീംകോടതി ചോദിച്ചു. മക്കയിലെ സാഹചര്യം എന്താണെന്ന് അറിയാമോയെന്ന് സുപ്രീംകോടതി തിരക്കി. സ്ത്രീകളുടെ പള്ളിപ്രവേശനം സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എതിർ കക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് നൽകി. കേന്ദ്ര സർക്കാർ, സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍, മുസ്ലീം വ്യക്തി നിയമ ബോർഡ് തുടങ്ങിയവരാണ് എതിർകക്ഷികൾ.
മുസ്ലിം സ്ത്രീകളെ തടയുന്നത് ആരെന്ന് സുപ്രീംകോടതി - സ്ത്രീ പ്രവേശനം
മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനത്തെ കുറിച്ചുള്ള ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ ചോദ്യം

ശബരിമല വിധിയുടെ പശ്ചാതലത്തില്‍ മാത്രമാണ് കേസ് പരിഗണിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. മുസ്ലിം പള്ളികളിൽ പ്രാര്‍ഥന നടത്താൻ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ മുസ്ലീം കുടുംബമാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ശബരിമല സ്ത്രീ പ്രവേശന വിധി ചൂണ്ടിക്കാട്ടിയാണ് മുസ്ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് ഹര്‍ജിയിൽ ആവശ്യപ്പെടുന്നത്. പള്ളികളിലെ ആരാധനയിൽ സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശത്തിന്‍റെ ലംഘനമാണെന്നും ഹര്‍ജിയിൽ വിശദമാക്കുന്നുണ്ട്. ജസ്റ്റിസ് എസ്.എ ബോബ്ടെ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.