കൊൽക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജീവ് കുമാർ രാജ്യം വിടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സിബിഐ നോട്ടീസ് പുറപ്പെടുവിച്ചത്. രാജ്യത്തെ വിമാനത്താവളങ്ങളിലും ഇമിഗ്രേഷൻ അധികൃതരോടും ജാഗ്രത പാലിക്കാനും സിബിഐ നിർദേശം നൽകി.
ശാരദ ചിട്ടി തട്ടിപ്പ് കേസ്: രാജീവ് കുമാറിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് - cbi
രാജ്യത്തെ വിമാനത്താവളങ്ങളിലും ഇമിഗ്രേഷൻ അധികൃതരോടും ജാഗ്രത പാലിക്കാൻ സിബിഐ നിർദേശം നൽകി.
രാജീവ് കുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്ന് സിബിഐ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. അന്വേഷണവുമായി രാജീവ് കുമാർ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് കൃത്യമായി പ്രതികരിക്കുന്നില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. ശാരത തട്ടിപ്പ് കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവനായ രാജീവ് കുമാര്‍ നിര്‍ണായക തെളിവുകളായ മൊബൈല്‍ ഫോണും ലാപ്ടോപ്പുകളും ആരോപണവിധേയര്‍ക്ക് വിട്ടുനല്‍കിയെന്നും തുഷാര്‍ മേത്ത ആരോപണമുന്നയിച്ചു. പിടച്ചെടുത്ത മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും ഫോറന്‍സിക് പരിശോധന പോലും നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവനായിരുന്നു രാജീവ് കുമാർ. അന്വേഷണത്തിനിടെ ചില ഉന്നതരെ സംരക്ഷിക്കാൻ കേസിലെ തെളിവുകൾ നശിപ്പിച്ചുവെന്നാണ് രാജീവ് കുമാറിനെതിരെയുള്ള ആരോപണം. അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രാജീവ് കുമാർ നൽകിയ ഹർജി സുപ്രീംകോതി തള്ളിയിരുന്നു. 2014 ലാണ് സിബിഐ ശാരദ ചിട്ടി തട്ടിപ്പ് കേസിന്‍റെ അന്വേഷണം ആരംഭിച്ചത്.