ലക്‌നൗ: കാൺപൂരിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സഞ്ജീത് യാദവിന്‍റെ കുടുംബം ആത്മഹത്യാഭീഷണി മുഴക്കി. ജൂൺ 22 നാണ് യാദവിനെ തട്ടിക്കൊണ്ടുപോയത്. ജൂൺ 27ന് ഇയാളെ കൊലപ്പെടുത്തി പാണ്ഡു നദിയിലെറിഞ്ഞു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് പിടികൂടി. ഇവരിൽ രണ്ട് പേർ യാദവിന്‍റെ സുഹൃത്തുക്കളാണ്. ഇയാളുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.
സഞ്ജീത് യാദവ് കൊലപാതകം; അന്വേഷണം തൃപ്‌തികരമല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് യാദവിന്‍റെ കുടുംബം - കാൺപൂർ
ജൂൺ 22നാണ് കാൺപൂർ സ്വദേശിയായ സഞ്ജീത് യാദവിനെ തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യം ലഭിച്ചശേഷം ഇയാളെ കൊലപ്പെടുത്തി നദിയിലെറിഞ്ഞു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് പിടികൂടി.
മെഡിക്കൽ ലാബിലെ ജീവനക്കാരനായിരുന്നു സഞ്ജീത് യാദവ്. യാദവിനെ വിട്ടുനൽകാൻ സംഘം 30 ലക്ഷം കുടുംബത്തോട് ആവശ്യപ്പെട്ടു. തുടർന്ന് യാദവിന്‍റെ പിതാവ് ചമൻ ലാൽ യാദവ് ബരാ പൊലീസ് സ്റ്റേഷനിൽ കേസ് കൊടുത്തു. പൊലീസിന്‍റെ സമ്മതത്തോടെ യാദവിന്‍റെ കുടുംബം പണം കൈമാറാൻ തീരുമാനിച്ചു. പണം കൈമാറുമ്പോൾ പ്രതികളെ പിടികൂടാനായിരുന്നു പൊലീസിന്‍റെ ശ്രമം. എന്നാൽ പണവുമായി പ്രതികൾ രക്ഷപ്പെട്ടു. തുടർന്ന് മാധ്യമങ്ങളും പൊലീസും സഹായിക്കണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ യാദവിന്‍റെ കുടുംബം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. അന്വേഷണം കൃത്യമായി നടന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും വീഡിയോയിലൂടെ കുടുംബം അറിയിച്ചു.
പൊലീസ് ഒത്തുകളിക്കുകയായിരുന്നു. കേസിനെക്കുറിച്ച് വിവരിക്കുമെന്ന് അവർ പറഞ്ഞിട്ടും ഇതുവരെ ചെയ്‌തിട്ടില്ല. തന്‍റെ മകന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഇനി ജീവിക്കുന്നതിൽ അർഥമില്ലെന്നും ചമൻ ലാൽ യാദവ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പൊലീസ് സൂപ്രണ്ട് ദിനേശ് കുമാർ പ്രഭു അറിയിച്ചു. സംഭവത്തിൽ പൊലീസുകാരുടെ പങ്ക് അന്വേഷിക്കുമെന്നും കുറ്റവാളികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.