ഗുജറാത്ത് കസ്റ്റഡി മരണം: മോദി വിമർശകൻ സഞ്‌ജീവ് ഭട്ടിനു ജീവപര്യന്തം തടവുശിക്ഷ - ഗുജറാത്ത് കസ്റ്റഡി മരണം
1990ല്‍ രഥയാത്ര നടത്തിയ എല്‍കെ അദ്വാനിയെ അറസ്റ്റ് ചെയ്തതിന് എതിരെ പ്രതിഷേധ പ്രകടനം നടത്തിയവരെ മർദ്ദിക്കുകയും ഒരാൾ മരിക്കുകയും ചെയ്ത കേസിലാണ് വിധി
അഹമ്മദാബാദ്: ഗുജറാത്ത് കസ്റ്റഡി മരണക്കേസില്‍ വിവാദ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവു ശിക്ഷ. ജാംനഗർ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 1990ല്‍ രഥയാത്ര നടത്തിയ എല്‍കെ അദ്വാനിയെ അറസ്റ്റ് ചെയ്തതിന് എതിരെ പ്രതിഷേധ പ്രകടനം നടത്തിയവരെ പൊലീസ് സ്റ്റേഷനിൽ മർദ്ദിക്കുകയും ഒരാൾ മരിക്കുകയും ചെയ്ത കേസിലാണ് വിധി. ആ സമയം ജാം നഗർ എഎസ്പിയായിരുന്നു സഞ്ജീവ് ഭട്ട്. കേസില്‍ 11 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന് ഭട്ട് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. 2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന ആരോപണവുമായി രംഗത്ത് എത്തിയ സഞ്ജീവ് ഭട്ട് അതിനു ശേഷം നിരന്തരം വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. 2011ല്‍ സുപ്രീംകോടതിയില്‍ മോദിക്കെതിരെ സത്യവാങ്മൂലം നല്‍കിയതോടെയാണ് സഞ്ജീവ് ഭട്ടിന് എതിരെ നടപടികൾ തുടങ്ങുന്നത്. 2011ല്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സഞ്ജീവ് ഭട്ടിനെ 2015ല്‍ സർവീസില്‍ നിന്ന് പുറത്താക്കി. സഞ്ജീവ് ഭട്ടിന്‍റെ ഭാര്യ ശ്വേത മോദിക്ക് എതിരെ കോൺഗ്രസ് സ്ഥാനാർഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്.