ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി സെയ്ഫുദ്ദീൻ സോസ് വീട്ടുതടങ്കലിലാണെന്ന് കാണിച്ച് ഭാര്യ മുംതസുന്നീസ സോസ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കി ജമ്മു-കശ്മീര്‍ ഭരണകൂടം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം സെയ്ഫുദ്ദീന്‍ സോസിനെ അറസ്റ്റ് ചെയ്യുകയോ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ഭരണകൂടം സുപ്രീംകോടതിയെ അറിയിച്ചു. ഭാര്യയുടെ വാദങ്ങള്‍ തെറ്റാണെന്നും ഭരണകൂടം സുപ്രീംകോടതിയെ അറിയിച്ചു. സെയ്ഫുദ്ദീൻ സോസിന് ഏതെങ്കിലും സ്ഥലത്തേക്ക് സഞ്ചരിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് ആ പ്രദേശത്തെ ക്രമസമാധാന പാലനത്തിനും സുരക്ഷാ സാഹചര്യങ്ങൾക്കും അനുസൃതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സെയ്ഫുദ്ദീന്‍ സോസിനെ ഒരിക്കലും തടങ്കലിൽ പാർപ്പിച്ചിട്ടില്ലെന്ന് കാണിച്ച് സ്‌പെഷ്യൽ സെക്രട്ടറി സത്യവാങ്മൂലവും കോടതിയിൽ നല്‍കിയിട്ടുണ്ട്.
സോസിന്‍റെ ഭാര്യ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പരിഗണിച്ചത്. ഹേബിയസ് കോർപ്പസ് റിട്ട് ഹർജി പ്രകാരം സോസിനെ കോടതിയിൽ ഹാജരാക്കണമെന്നും അധികാരികൾ പുറപ്പെടുവിച്ച തടങ്കൽ ഉത്തരവുകൾ റദ്ദാക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജൂൺ ഒമ്പതിന് ചേര്‍ന്ന ബെഞ്ച് ജൂലൈ രണ്ടാം വാരത്തോടെ ജമ്മു-കശ്മീര്‍ ഭരണകൂടത്തിൽ നിന്ന് മറുപടി ആവശ്യപ്പെടുകയായിരുന്നു.