ഹൈദരാബാദ്: കൊറോണ വൈറസും തുടർന്നുണ്ടായ ലോക്ക് ഡൗണും രാജ്യത്തെ സ്തംഭിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ മഹാമാരിയിൽ നിന്ന് കരകയറാൻ ആഗോള തലങ്ങളിൽ ശക്തമായ പ്രതിരോധ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു. എന്നാൽ കൊവിഡിന് പുറമേ മാരകമായ മറ്റൊരു വൈറസ് ഇന്ത്യൻ രാഷ്ട്രീയ തലങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുസ്ലീം കേന്ദ്രീകൃതമായ സാമുദായിക വൈരുദ്ധ്യം. കൊവിഡിനെക്കാൾ, ഇന്ത്യയെ നൂറുമടങ്ങ് വ്യാപ്തിയിൽ ഉലക്കാൻ ശക്തിയുള്ള ഈ വൈറസിന്‍റെ വ്യാപനം വസ്തുനിഷ്ഠമായി തിരിച്ചറിഞ്ഞില്ലെങ്കിൽ, ഫലപ്രദമായി നിർണ്ണയിക്കപ്പെടുന്നില്ലെങ്കിൽ, ഇന്ത്യയുടെ സമഗ്ര സുരക്ഷയ്ക്കും 1.3 ബില്യൺ പൗരന്മാരുടെ ക്ഷേമത്തിനും അപകടം സൃഷ്ടിക്കാൻ ഇതിന് കഴിയും.
ഏപ്രിലിൽ ന്യൂഡൽഹിയിലെ നിസാമുദ്ദീനിലെ തബ്ലീഗ് സഭ കൊവിഡ് പ്രോട്ടോക്കോളുകൾ അവഗണിച്ചതാണ് ഈ മുസ്‌ലിം വിരുദ്ധ വികാരത്തിന്‍റെ ഉത്തേജനം. ചില മാധ്യമങ്ങൾ വളരെ വഞ്ചനാപരമായ രീതിയിൽ ജനങ്ങൾക്കിടയിൽ ഈ വിഷയം ഉന്നയിക്കുകയും ഇന്ത്യയിൽ ഒരു 'കൊറോണ ജിഹാദ്' നടത്തുകയും ചെയ്തു. മുസ്ലീം പൗരന്മാരെ - പ്രത്യേകിച്ച് തെരുവ് കച്ചവടക്കാരെയും പച്ചക്കറി കച്ചവടക്കാരെയും പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നിരവധി സംഭവങ്ങളും രാജ്യത്തുണ്ടായി. ചിലയിടങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പോലും ഈ മുസ്‌ലിം വിരുദ്ധ വികാരം വർധിപ്പിക്കുന്നതിൽ പങ്കാളികളായിരുന്നു.
രാജ്യത്ത് സാമുദായിക പക്ഷപാതം വളരുകയായിരുന്നു, ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർഎസ്‌എസ് മേധാവി മോഹൻ ഭഗവതിനെയും ആവശ്യമായ തിരുത്തൽ വരുത്താൻ പ്രേരിപ്പിച്ചത്. കുറച്ച് പേർ നിയമങ്ങൾ ലംഘിക്കുന്നതിന് ഒരു സമുദായത്തെ പൈശാചികവത്കരിക്കുന്നത് അഭികാമ്യമല്ലെന്ന് ഭഗവത് മുന്നറിയിപ്പ് നൽകിയത് ഇതുകൊണ്ടാണ്. ഭഗവത് കുറിച്ചു: "കോപത്തിൽ നിന്നോ ഭയത്തിൽ നിന്നോ ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്താൽ, ഞങ്ങൾക്ക് മുഴുവൻ സമൂഹത്തെയും കുറ്റപ്പെടുത്താനും അവരിൽ നിന്ന് അകലം പാലിക്കാനും കഴിയില്ല."