ശ്രീനഗർ:പാംപോര്‍ പട്ടണത്തിനും അതിനു ചുറ്റിലുമുള്ള ഗ്രാമങ്ങളിലും തീര്‍ത്തും വ്യത്യസ്‌തമായ ഭൂപ്രകൃതിയാണുള്ളത്. ശ്രീനഗറില്‍ നിന്നും 12 കിലോമീറ്റര്‍ തെക്കു മാറി സ്ഥിതി ചെയ്യുന്ന ഈ പീഠഭൂമികളിൽ നിറയെ കുങ്കുമം വിരിയുന്നു. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധ വ്യഞ്ജനങ്ങളിലൊന്നാണ് കുങ്കുമം.
കശ്‌മീരിന്‍റെ പച്ച പരവതാനി വിരിച്ച നെല്‍ വയലുകളില്‍ നിന്നും പച്ച പുതച്ച മലയോരങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമാണ് വരണ്ട തവിട്ടു നിറമുള്ള എണ്ണിയാല്‍ ഒടുങ്ങാത്ത കുങ്കുമ പാടങ്ങള്‍. കശ്‌മീർ സന്ദര്‍ശിക്കുന്ന ഓരോ വിനോദ സഞ്ചാരിയും അവിടുത്തെ വിപണികളില്‍ നിന്നും കുങ്കുമം വാങ്ങുന്നു. നിരവധി വിനോദ സഞ്ചാരികള്‍ ഇതിനു വേണ്ടി മാത്രം പാംപോറിലേക്ക് പ്രത്യേകമായി തന്നെ എത്താറുണ്ട്. നൂറ്റാണ്ടുകളായി കുങ്കുമം വിളയിക്കുന്ന ഈ നാട്ടിലെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയും വളരെ മെച്ചപ്പെട്ടതാണ്.
സാമ്പത്തികമായി സഹായിക്കുമെന്നതിനാൽ ഈ മേഖലയിലെ ജനങ്ങള്‍ കുങ്കുമ കൃഷിയില്‍ ഏറെ സംതൃപ്‌തരുമാണ്. പ്രാദേശിക തലത്തില്‍ പരിമിതമായ ഉപയോഗം മാത്രമേ ഉള്ളൂവെങ്കിലും കശ്‌മീരിന്‍റെ സംസ്‌കാരത്തിന്‍റെ ഒരു ഭാഗമാണ് കുങ്കുമം. സുപ്രസിദ്ധമായ വസ്വാന്‍ വിരുന്നും അനുപമമായ കേഹ്വ വാറ്റും കുങ്കുമമില്ലാതെ പൂര്‍ണമാകുന്നില്ല. പക്ഷെ കഴിഞ്ഞ ഏതാനും ദശാബ്‌ദങ്ങളായി ഇവിടെ കുങ്കുമം കൃഷി ചെയ്യുന്നത് പ്രാദേശികരെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാര്‍ന്ന ലക്ഷ്യമായി മാറിയിരിക്കുന്നു. അവരില്‍ ചിലരൊക്കെ പ്രതീക്ഷ കൈവെടിഞ്ഞും കഴിഞ്ഞു. പക്ഷെ കുങ്കുമ കൃഷി പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചു വരികയാണ് ഭരണകൂടം.
കുങ്കുമത്തിന് വാണിജ്യപരമായ മൂല്യവുമുണ്ട്. ക്രോസിന്‍, പിക്രോ ക്രോസിന്‍, സഫ്രാനാല്‍ എന്നിങ്ങനെയുള്ള രാസവസ്‌തുക്കളുടെ അളവ് ധാരാളമായി ഉള്ളതിനാൽ മരുന്ന് നിര്‍മാണ മേഖലയില്‍ കുങ്കുമത്തിന് വലിയ ആവശ്യകത ഉണ്ട്. സുഗന്ധ വസ്‌തുക്കള്‍, നിറം നല്‍കല്‍, സൗന്ദര്യ വര്‍ദ്ധക വസ്‌തു വ്യവസായം എന്നിങ്ങനെയുള്ള മേഖലകളിലും കുങ്കുമം ഉപയോഗിച്ചു വരുന്നുണ്ട്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഹിന്ദു ദേവത ആരാധനക്കായി നിരവധി രൂപത്തില്‍ കുങ്കുമം അര്‍ച്ചനയായി നല്‍കി വരുന്നുണ്ട്.