ന്യൂഡൽഹി: നാഗ്വർ ജില്ലയിൽ രണ്ട് ദലിർ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോർട്ട് സമർപ്പിച്ചു. മൂന്നംഗ അന്വേഷണ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. രാജസ്ഥാനിലെ മന്ത്രിയും കോൺഗ്രസ് വൈസ് പ്രസിഡന്‍റ് ഭൻവർ ലാല്‍ മേഘ്വാല്‍, എംഎല്‍എ ഹരീഷ് മീന പാർട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി മഹേഷ് ശർമ എന്നിവരടങ്ങുന്നതായിരുന്നു അന്വേഷണ കമ്മിഷൻ.
കേസ് കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നാണ് കണ്ടെത്തല്‍. ഫെബ്രുവരി 16ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസ് നാല് ദിവസത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാല്‍ റിപ്പോർട്ടിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് മാധ്യമങ്ങളോട് കൂടുതല്‍ പ്രതികരിക്കാൻ സച്ചിൻ പൈലറ്റ് തയ്യാറായില്ല. അതിക്രമങ്ങളും കുറ്റകൃത്യങ്ങളും വർധിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ദലിതരെയും സമൂഹത്തിലെ മറ്റ് ദരിദ്ര വിഭാഗക്കാരെയുമാണ് അക്രമികൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പാർട്ടിയുടെ സംസ്ഥാന പ്രസിഡന്‍റ് എന്ന നിലയില്‍ ഞങ്ങൾ പ്രതിപക്ഷത്ത് ഇരുന്നപ്പോൾ ഇത്തരം അതിക്രമങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ ഭരണപക്ഷത്തിരിക്കുമ്പോൾ ഞങ്ങളുടെ ഉത്തരവാദിത്തമാണ് ഇത്തരം അതിക്രമങ്ങൾക്ക് ഇരയാകുന്ന ദളിതരുടെ സുരക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.