ഹൈദരാബാദ്: ലോക്ക് ഡൗണ്‍ കാലത്ത് ഹൈദരാബാദ് നഗരത്തില്‍ ഗതാഗത സൗകര്യം കൂടുതല്‍ കാര്യക്ഷമമാക്കുകയും സൗന്ദര്യവല്‍ക്കരണം നടത്തുകയുമാണ് മുന്‍സിപ്പല്‍ കോർപറേഷന്‍ അധികൃതർ. ഗ്രേറ്റർ ഹൈദരാബാദ് മുന്‍സിപ്പല്‍ കോർപറേഷനും(ജിഎച്ച്എംസി) മറ്റ് ഏജന്‍സികളും ചേർന്നാണ് പ്രവൃത്തി നടത്തുന്നത്.
ലോക്ക്‌ഡൗണ്‍ പ്രയോജനപ്പെടുത്തി ഹൈദരാബാദില്‍ റോഡ് വികസനം - ലോക്ക്‌ഡൗണ്‍ വാർത്ത
നിർമാണ പ്രവർത്തികൾ സംസ്ഥനാ മുന്‍സിപ്പല്‍ ഭരണകാര്യ മന്ത്രി കെടി രാമറാവു വിലയിരുത്തി
കൊവിഡ് 19-നെ തുടർന്നുള്ള ലോക്ക് ഡൗണ്‍ കാരണം നഗരത്തില്‍ ഇപ്പോൾ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നില്ല. ഈ സാഹചര്യം പ്രയോജനപ്പെടുത്തി റോഡുകളുടെയും ഫ്ലൈ ഓവറുകളുടെയും നിർമാണം നഗരത്തില്‍ അതിവേഗം പുരോഗമിക്കുകയാണ്. കൂടാതെ നിലവിലെ റോഡുകൾ നവീകരിക്കുകയും ചെയ്യുന്നു. നേരത്തെ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്‌തത കാരണം അധികൃതർക്ക് ഏറെ വിമർശനം നേരിടേണ്ടി വന്നിരുന്നു. ഗതാഗത കുരുക്ക് കാരണം നിർമാണ പ്രവർത്തികൾ ഇഴഞ്ഞ് നീങ്ങുന്നതും റോഡിന് ഉൾപ്പെടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കാലതാമസവുമാണ് ഇതിന് കാരണമായത്.
കഴിഞ്ഞ ദിവസം മുന്‍സിപ്പല്‍ ഭരണകാര്യ മന്ത്രി കെടി രാമറാവു നിർമാണപ്രവർത്തികൾ വിലയിരുത്തി. അടുത്ത മാസം മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് പ്രവർത്തി പൂർത്തീകരിക്കാന്‍ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നല്‍കി. ഗതാഗത കുരുക്കുകളില്‍ നിന്നു മുക്തമായ ഹൈദരാബാദാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ലിങ്ക് റോഡുകളുടെ നിർമാണവും സ്ഥലം ഏറ്റെടുപ്പും വേഗത്തിലാക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി. അതേസമയം സ്ഥലം ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായി കിടപ്പാടം നഷ്‌ടമാകുന്നവരെ മാറ്റിപ്പാർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.