ബോളിവുഡ് നടൻ ഋഷി കപൂർ അന്തരിച്ചു - ബോബി സിനിമ
09:44 April 30
അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അമിതാഭ് ബച്ചനാണ് ട്വിറ്ററിലൂടെ മരണ വിവരം അറിയിച്ചത്.
മുംബൈ: പ്രമുഖ ബോളിവുഡ് നടനും സംവിധായകനും നിർമാതാവുമായ ഋഷി കപൂർ അന്തരിച്ചു. 67 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് രണ്ട് വർഷമായി ചികിത്സയിലായിരുന്നു. ശ്വാസ തടസത്തെ തുടർന്ന് ഇന്നലെയാണ് മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിതാഭ് ബച്ചനാണ് ട്വിറ്ററിലൂടെ മരണം വാർത്ത അറിയിച്ചത്. 2018ലാണ് ഋഷി കപൂറിന് അർബുദ രോഗം സ്ഥിരീകരിച്ചത്. ഒരു വർഷത്തോളം അമേരിക്കയില്‍ അർബുദത്തിന് ചികിത്സ തേടിയ ഋഷി കപൂർ 2019 സെപ്തംബറോടെയാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്.
ബാലതാരമായി മേരാ നാം ജോക്കറിലൂടെയാണ് ഇന്ത്യൻ സിനിമ ലോകത്തേക്ക് ഋഷി കപൂർ ചുവട് വെച്ചത്. ഈ സിനിമയിലെ അഭിനയത്തിന് ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടി. 1973ല്‍ ബോബി എന്ന സിനിമയിലൂടെയാണ് നായകനായി അരങ്ങേറിയത്. ഹം കിസീ സെ കം നഹി, അമർ അക്ബർ ആന്‍റണി, സർഗം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. ദ ബോഡിയാണ് അവസാന ചിത്രം. രാജ് കപൂറിന്‍റെ രണ്ടാമത്തെ മകനാണ്. പ്രശസ്ത നടൻ രൺബീർ കപൂർ മകനാണ്.