ന്യൂഡൽഹി:രാജ്യ തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹി ഹൈക്കോടതിയിലെ പ്രവർത്തന നിയന്ത്രണങ്ങൾ ഒക്ടോബർ എട്ട് വരെ നീട്ടി. പ്രവർത്തനങ്ങളുടെ നിയന്ത്രണം തുടരാൻ ചീഫ് ജസ്റ്റിസാണ് തീരുമാനിച്ചതെന്ന് രജിസ്ട്രാർ ജനറൽ മനോജ് ജെയിന്‍റെ ഓഫീസ് അറിയിച്ചു.
സെപ്റ്റംബർ 11 വരെ കേസുകളുടെ ഭൗതിക വാദം തുടരുമെന്ന് ഓഫീസ് ഉത്തരവിൽ പറയുന്നു. കോടതിയുടെ വെബ്‌സൈറ്റിൽ ഇതിനകം തന്നെ അപ്‌ലോഡ് ചെയ്ത റോസ്റ്റർ പ്രകാരം ബെഞ്ചുകൾ വീഡിയോ കോൺഫറൻസിംഗിലൂടെ കേസുകൾ തുടർന്നും പരിഗണിക്കും.
ഒക്ടോബർ ഒന്ന് മുതൽ ഒക്ടോബർ എട്ട് വരെ ഹൈക്കോടതിയിൽ ഇതിനകം പട്ടികപ്പെടുത്തിയിട്ടുള്ള കേസുകൾ ഡിസംബർ എട്ട് മുതൽ ഡിസംബർ 14 വരെ അനുബന്ധ തീയതികളിലേക്ക് മാറ്റിവയ്ക്കുമെന്ന് ഉത്തരവിൽ പറയുന്നു. മാർച്ച് 25 ന് ഹൈക്കോടതിയുടെയും ജില്ലാ കോടതികളുടെയും പ്രവർത്തനങ്ങളിൽ ഏപ്രിൽ 14 വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഇത് മെയ് മൂന്ന്, മെയ് 17, മെയ് 23, മെയ് 31, ജൂൺ 14, ജൂൺ 29, ജൂലൈ 15, ജൂലൈ 31, ഓഗസ്റ്റ് 14, ഓഗസ്റ്റ് 31, സെപ്റ്റംബർ 30 എന്നീ തിയതികളിലെക്ക് നീട്ടി.
ഓഗസ്റ്റ് 27 ന്, രണ്ട് ഡിവിഷൻ ബെഞ്ചും മൂന്ന് സിംഗിൾ ജഡ്ജ് ബെഞ്ചുകളും റൊട്ടേഷൻ അടിസ്ഥാനത്തിൽ സെപ്റ്റംബർ ഒന്ന് മുതൽ ഭാഗികമായി പുനരാരംഭിക്കാൻ ഹൈക്കോടതി തീരുമാനിച്ചിരുന്നു. ബെഞ്ചുകളുടെ എണ്ണം പിന്നീട് ഒരു ഡിവിഷൻ ബെഞ്ചിലേക്കും രണ്ട് സിംഗിൾ ജഡ്ജി ബെഞ്ചുകളിലേക്കും കുറച്ചു.