ജയ്പൂർ:രാജസ്ഥാനിലെകേൺഗ്രസ് എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റി. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എംഎൽഎമാരെ ബിജെപി ആകർഷിക്കാൻ ശ്രമിക്കുന്നതിന് പിന്നാലെയാണ് കോൺഗ്രസിന്‍റെ നീക്കം. തിങ്കളാഴ്ച സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും കൊറോണ വൈറസിനെക്കുറിച്ചും ചർച്ച ചെയ്ത എംഎൽഎമാർ ക്രിക്കറ്റും ബാഡ്മിന്‍റണും കളിക്കുകയും ആസിഡ് ആക്രമണം കഥയാക്കിയ ദീപിക പദുക്കോൺ ചിത്രം ഛപാക് കാണുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
നൂറിലധികം എംഎൽഎമാരാണ് കഴിഞ്ഞ ബുധനാഴ്ച മുതൽ ഹോട്ടലിൽ കഴിയുന്നതെന്നും ജൂൺ 19 ലെ തെരഞ്ഞെടുപ്പ് വരെ എംഎൽഎമാർ ഒരുമിച്ച് നിൽക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെ പത്രസമ്മേളനത്തിൽ അറിയിച്ചു. കർണാടകയിലും മധ്യപ്രദേശിലും ബിജെപി നടത്തിയ ശ്രമങ്ങൾ രാജസ്ഥാനിൽ വിജയിക്കാതിരിക്കാൻ നിയമസഭാംഗങ്ങൾ ഒരുമിച്ച് നിൽക്കാൻ തീരുമാനിച്ചതായും തങ്ങൾ ഒരു കുടുംബം പോലെയാണ് താമസിക്കുന്നതെന്നും എഐസിസിയുടെ സംസ്ഥാന ചുമതലയുള്ള പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.