ന്യൂഡൽഹി:കൊവിഡ് ആശങ്കകൾക്കിടയിൽ രാജ്യത്ത് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രക്തസാക്ഷികളായ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യ ഗേറ്റിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പരേഡ് നടക്കുന്ന രാജ്പഥിൽ എത്തിയത്. യുദ്ധ സ്മാരകത്തിലെ ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്ത്, ഇന്ത്യൻ ആർമി ചീഫ് ജനറൽ എം എം നരവാനെ, നാവികസേനാ മേധാവി അഡ്മിറൽ കരമ്പിർ സിംഗ്, ഇന്ത്യൻ എയർഫോഴ്‌സ് ചീഫ് (ഐഎഎഫ്) എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ എന്നിവരും പങ്കെടുത്തു.
പ്രധാനമന്ത്രി വേദിയിൽ എത്തിയതിന് പിന്നാലെയാണ് രാഷ്ട്രപതി രാജ്പഥിൽ എത്തിയത്. തുടർന്ന് ആരംഭിച്ച പരേഡിൽ രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു. ലെഫ്റ്റനന്‍റ് ജനറൽ വിജയ് കുമാർ മിശ്രയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ് നയിച്ചത്.
കാല്‍ ലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന തരത്തിൽ സാമൂഹ്യ അകലം പാലിച്ചാണ് വേദിയിലും സ്റ്റേഡിയത്തിലും കസേരകൾ ഒരുക്കിയത്. സുപ്രധാന വ്യക്തികള്‍ക്കും പ്രത്യേകം ക്ഷണിച്ചവർക്കും ഒപ്പം രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നൂറ് മിടുക്കരായ വിദ്യാർഥികളും റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമാകാന്‍ എത്തിയിരുന്നു.
ഇന്ത്യയുടെ സൈനിക ശക്തി തെളിയിക്കുന്നതായിരുന്നു സായുധസേനകളുടെ പരേഡ്. രാജ്യത്തിന്‍റെ സുരക്ഷയുറപ്പാക്കുന്ന അഭിമാന ആയുധങ്ങളും പരേഡിൽ പ്രദർശിപ്പിച്ചു. ബ്രഹ്മോസ് മിസൈൽ, ടി 90 ഭീഷ്മ ടാങ്ക്, ഷിൽക വെപ്പൺ സിസ്റ്റം, പിനാക മൾട്ടി ലോഞ്ചർ റോക്കറ്റ് സിസ്റ്റം, രുദ്ര ദ്രുവ് ഹെലികോപ്റ്ററുകൾ എന്നിവയും പ്രദർശിപ്പിച്ചു.
പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചാണ് പരേഡ് ആരംഭിച്ചത്. പരേഡിന് പരേഡ് കമാൻഡർ ലെഫ്റ്റനന്‍റ് ജനറൽ വിജയ് കുമാർ മിശ്ര, ഡൽഹി ഏരിയ ജനറൽ കമാൻഡിങ് ജനറൽ ഓഫീസർ എന്നിവർ നേതൃത്വം നൽകി. രാജ്യത്തെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ് ഭാവന കാന്തും ബംഗ്ലദേശ് സായുധ സേനയുടെ സംഘവും പരേഡിൽ പങ്കെടുത്തു. കൊയർ ഓഫ് കേരള എന്ന പേരിൽ കയർ പിരിക്കുന്ന സ്‌ത്രീകളെ ചിത്രീകരിക്കുന്ന ഫ്ലോട്ടാണ് കേരളം പരേഡിൽ അവതരിപ്പിച്ചത്. തെയ്യം കലാരൂപവും ഫ്ലോട്ടിന്‍റെ ഭാഗമായി.
അതേസമയം, 55 വർഷത്തിനിടെ ആദ്യമായി ഇത്തവണ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് വിശിഷ്ടാതിഥി ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ മുഖ്യാതിഥിയായി തീരുമാനിച്ചിരുന്നെങ്കിലും ബ്രിട്ടണിൽ കൊവിഡ് ബാധ രൂക്ഷമായതിനെത്തുടർന്ന് അദ്ദേഹം ഇന്ത്യൻ സന്ദർശനം റദ്ദാക്കുകയായിരുന്നു. ഇതിന് മുമ്പ് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ 1966ലാണ് മുഖ്യാതിഥി ഇല്ലാതെ രാജ്യം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത്. 1953ലും 1952ലും പ്രത്യേക ക്ഷണിതാക്കളൊന്നും ഇല്ലാതെയാണ് രാജ്യം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത്.