കേരളം

kerala

ETV Bharat / bharat

ഓർക്കുക, ഉപയോഗിക്കാൻ പോലുമില്ല വെളളം ,പാഴാക്കരുത് - water resource utilisation

പരിമിതമായ ജലസ്രോതസുകൾ ശ്രദ്ധാപൂർവ്വം വിനിയോഗിച്ച് ഓരോ തുള്ളി ജലത്തെയും സംരക്ഷിക്കേണ്ടത് അനിവാര്യമാണ്

water

By

Published : Nov 18, 2019, 12:26 PM IST

എല്ലാ ജീവജാലങ്ങളുടേയും നിലനിൽപ്പിന് ആധാരമാണ് ജലം. ഭക്ഷണം കൂടാതെ ദിവസങ്ങൾ തള്ളിനീക്കിയാലും വെള്ളമില്ലാത്ത അവസ്ഥയെ അതിജീവിക്കാൻ മനുഷ്യന് സാധ്യമല്ല. അതിനാൽ ജലസ്രോതസുകളെ സംരക്ഷിക്കുകയും വെള്ളം പാഴാകുന്നത് തടയുകയും പുതിയ ജലവിഭവ സ്രോതസുകൾ നിർമിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനാവശ്യമായ അടിയന്തര നടപടികളെടുക്കാൻ സർക്കാരുനും അതിനു ചുക്കാൻ പിടിക്കാൻ അവരെ അധികാരത്തിലെത്തിച്ച ഓരോ പൗരനും കടമയുണ്ട്.

ദക്ഷിണേന്ത്യയിലെ തെലുങ്കു സംസ്ഥാനങ്ങളിൽ മഴ ധാരാളമായി ലഭിക്കുന്നു. തന്മൂലം പ്രധാന ജലസ്രോതസുകളായ കൃഷ്‌ണ, ഗോദാവരി നദികൾ കരകവിഞ്ഞൊഴുകുന്നു. ഭാവിയിലെ ആവശ്യങ്ങൾക്കായി ഫലപ്രദമായി ഉപയോഗിക്കേണ്ട ജലമാണ് ഇത്തരത്തിൽ ഒഴുകി പോകുന്നത്. അതിന് വേണ്ട യാതൊരു പ്രയത്നവും എടുക്കുന്നില്ലെന്നതാണ് ഏറ്റവും ആശങ്കാജനകമായ വസ്‌തുത.

1960ഓടെ ലോകത്ത് ജല ഉപഭോഗത്തിന്‍റെ അളവ് വർധിച്ചു. അതിന്‍റെ പ്രത്യാഘാതമെന്നോണം ജലവിഭവങ്ങൾ ക്രമേണ കുറഞ്ഞു വരികയും ചെയ്‌തു. ലോകത്തെ ജനസംഖ്യയുടെ നാലിലൊരു ഭാഗവും രൂക്ഷമായ ജലപ്രതിസന്ധിയാണ് നേരിടുന്നത്. പ്രസ്‌തുത രാജ്യങ്ങളിലെ കൃഷി, വ്യവസായം, ജനങ്ങൾ എന്നിവയെല്ലാം ചേർന്ന് ലഭ്യമായ ജലത്തിന്‍റെ 80 ശതമാനമാണ് ഉപയോഗപ്പെടുത്തുന്നത്.

ലോകജനസംഖ്യയുടെ മൂന്നിലൊരു ഭാഗം ഉൾക്കൊള്ളുന്ന 44 രാജ്യങ്ങളും ജലപ്രതിസന്ധിയുടെ വക്കിലാണ്. ജലലഭ്യതയും ജലവിതരണവും തമ്മിലുള്ള ഭീമമായ അന്തരം വരൾച്ച ബാധിത പ്രദേശങ്ങളുയരുന്നതിന് കാരണമാകുന്നു. ഇതിന്‍റെ ആഘാതം തൊഴിൽ, കാർഷിക ഉത്‌പന്നങ്ങൾ, ഭക്ഷ്യസുരക്ഷ, കച്ചവടസ്ഥിരത, ഉപജീവനമാർഗം തുടങ്ങി ഓരോ കാര്യങ്ങളിലും പ്രത്യക്ഷപ്പെടുന്നു. ഉയർന്നുവരുന്ന ജനസഖ്യ, നഗരവൽക്കരണം, സാമൂഹ്യ-സാമ്പത്തിക വികസനങ്ങൾ, വ്യവസായ വൽക്കരണം എന്നവയെല്ലാം ജലത്തിന്‍റെ ആവശ്യകതയെ വർധിപ്പിക്കുന്നു.

ഇന്ത്യയിലെ 90 ശതമാനം നഗരങ്ങളിലും വാട്ടർ പമ്പുകളിലൂടെയാണ് ജലവിതരണം സാധ്യമാകുന്നത്. 80 ശതമാനം ഗ്രാമപ്രദേശങ്ങളിലും ജലവിതരണമില്ല. അനന്തരഫലമായി, സ്‌ത്രീകളും കുട്ടികളും കിലോമീറ്ററുകളോളം താണ്ടി വെള്ളം എടുത്തുകൊണ്ടുവരാൻ നിർബന്ധിതരാകുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ജലസേചന സംവിധാനങ്ങളിലും ജലസംഭരണികളുടെ നിർമാണത്തിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിലും കുടിവെള്ള സ്രോതസുകൾക്ക് പ്രാമുഖ്യം നൽകിയില്ല. ക്രമേണ, പൗരന്മാരുടെ ആവശ്യങ്ങൾക്കനുസരിച്ച് ജലത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യം സർക്കാർ തിരിച്ചറിഞ്ഞു. തൽഫലമായാണ് 1987ൽ ആദ്യ ദേശീയ ജലനയം പ്രഖ്യാപിക്കുന്നത്.

ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ പ്രധാന ജലസ്രോതസ് മൺസൂൺ മഴയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉപരിതല ജലനിരപ്പ് താരതമ്യേന കൂടുതലാണ്. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതലും ശിലാമയമായ(പാറക്കെട്ടുള്ള) ഭൂപ്രദേശങ്ങളാണ്. ഇത്തരം മേഖലകിൽ മഴവെള്ളത്തെ പ്രയോജനപ്പെടുത്തൽ പ്രയാസകരമാണ്. ഇന്ത്യയിൽ ഒട്ടുമിക്ക പ്രദേശളിലും വൃഷ്‌ടി സമയങ്ങളിൽ ശരാശരി 500 മില്ലിമീറ്റർ മഴ രേഖപ്പെടുത്തുന്നുണ്ട്. ഈ ജലലഭ്യത കണക്കിലെടുത്താൽ ഏകദേശം 10-12 ചതുരശ്ര മീറ്റർ വിസ്‌തീർണം ഉപരിതലത്തെ ജലം സംഭരിക്കാൻ ഉപയോഗപ്പെടുത്താവുന്നതാണ്.

അടുത്ത കാലത്ത് രാജസ്ഥാനിലെയും തമിഴ്‌നാട്ടലെയും ജനങ്ങൾ കടുത്ത ജലപ്രതിസന്ധിയാണ് നേരിട്ടത്. തമിഴ്‌നാട്ടിലെ ജലക്ഷാമത്തിന്‍റെ തീവ്രതയെന്തെന്നും അറിയാം. ഉപരിതല ജലം സംരക്ഷിക്കുന്നതിൽ വൻ പരാജയമാണവിടം. വ്യാവസായിക മാലിന്യങ്ങൾ, രാസവളങ്ങൾ, മറ്റ് വിഷകണികകൾ എന്നിവ മൂലം ഭൂഗർഭജലനിരപ്പ് മലിനപൂർണമാണ്. ഗുണനിലവാരം കുറഞ്ഞ പമ്പുകൾ ഉപയോഗിക്കുന്നതും പൈപ്പുകളിലെ തകരാർ മൂലം അഴുക്കുജലം കുടിവെള്ളത്തിൽ കലരുന്നതും ആളുകൾക്കിടിയൽ നിരവധി രോഗങ്ങൾക്കാണ് കാരണമാകുന്നത്. ജലദൗർലഭ്യം നേരിടുന്ന മറ്റൊരു സംസ്ഥാനമാണ് രാജസ്ഥാൻ. കനാലുകളിലൂടെ നാമമാത്രമായ കുടിവെള്ളമാണ് ഇവിടെ ലഭ്യമാകുന്നത്.

2018ലെ നീതി ആയോഗ് റിപ്പോർട്ട് പ്രകാരം ജലപ്രതിസന്ധി നേരിടുന്നതിൽ ഇന്ത്യക്ക് 13-ാം സ്ഥാനമാണ്. എന്നാൽ ലോക ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ജനസംഖ്യ മൂന്നിരട്ടിയാണ്. കേന്ദ്ര ഭൂഗർഭജല ബോർഡിന്‍റെ റിപ്പോർട്ട് പ്രകാരം ഓരോ വർഷവും എട്ട് സെന്റീമീറ്റർ വീതമാണ് ഭൂഗർഭജലനിരപ്പ് കുറയുന്നത്. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിലും അത് പ്രകടമാകുന്നുണ്ട്. ഇനിയും ജല പ്രതിസന്ധിയെ ഗൗരവത്തോടെ പരിഗണിച്ചില്ലെങ്കിൽ വരും ദശകങ്ങളിൽ സംഭവിച്ചേക്കാവുന്ന ആഘാതം അതിഭീകരമായിരിക്കും.

2019ലെ ഇന്‍റർനാഷണൽ റിസോഴ്‌സ് പാനൽ സർവേയനുസരിച്ച്, ജലക്ഷാമത്തിൽ എട്ടാമതുള്ള സൗദി അറേബ്യയിൽ ഓരോ തുള്ളി ജലത്തെയും സംരക്ഷിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഒരു ദശകത്തിനിടെ ജല ഉപയോഗം 43 ശതമാനമായി കുറയ്‌ക്കാനാണ് അവർ ലക്ഷ്യമിട്ടിരിക്കുന്നത്.

37-ാം സ്ഥാനത്തുള്ള നമീബിയയിൽ കഴിഞ്ഞ 50 വർഷമായി നീരൊഴുക്ക് ജലത്തെ പുനരുപയോഗം ചെയ്യുകയാണ്. വരൾച്ച സമയത്തെ ജല ഉപഭോഗം ഓസ്ട്രേലിയയിൽ പകുതിയായാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ജലക്ഷാമത്തിൽ 50-ാം സ്ഥാനമാണ് ഓസ്‌ട്രലിയക്ക്. 56-ാം സ്ഥാനത്തുള്ള ചൈനയിലെ പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ ജലസംഭരണ ​​യൂണിറ്റുകൾ സംയോജിപ്പിക്കണമെന്നത് നിർബന്ധമാണ്.

ബാഷ്പീകരണത്തിലൂടെയും സാന്ദ്രീകരണത്തിലൂടെയുമല്ലാതെ മറ്റ് മാർഗങ്ങളിലൂടെ ജലം നിർമ്മിക്കാൻ സാധ്യമല്ല. അതിനാൽ പരിമിതമായ ജലസ്രോതസുകൾ ശ്രദ്ധാപൂർവ്വം വിനിയോഗിക്കുകയല്ലാതെ വേറെ വഴികളില്ല. അതുകൊണ്ട് ഓരോ തുള്ളി ജലത്തെയും സംരക്ഷിച്ച് നീരൊഴുക്ക് ജലത്തെ പുനരുപയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. താരതമ്യേന കുറച്ച് വെള്ളം ആവശ്യമായ വിളകളിലേക്ക് നമ്മുടെ ഉൽപാദനം മാറണം. പരാമവധി ജലം സംരക്ഷിക്കുന്ന വിധത്തിലാകണം മുന്നോട്ടുള്ള പ്രവർത്തനങ്ങൾ. ജലസംരക്ഷണത്തിനായി ഓരോ പൗരന്മാരും തങ്ങളുടെ പങ്ക് നിർവഹിക്കുകയാണെങ്കിൽ കൂട്ടായ ഉദ്യമത്തിലൂടെ ജല പ്രതിസന്ധിയെ നമുക്ക് മറികടക്കാനാകും.

ABOUT THE AUTHOR

...view details