കാഠ്മണ്ഡു:നേപ്പാളിലെ ഹിൽ റിസോർട്ടിൽ ശ്വാസം മുട്ടി മരിച്ച എട്ട് ഇന്ത്യൻ വിനോദ സഞ്ചാരികളുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് അയക്കും. ഔപചാരിക നടപടികളും പൂർത്തിയായെന്നും മൃതദേഹങ്ങൾ കാഠ്മണ്ഡുവിൽ നിന്ന് ന്യൂഡൽഹിയിൽ എത്രയും വേഗം എത്തിക്കുമെന്നും ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു.
നേപ്പാളിൽ മരിച്ച ഇന്ത്യൻ വിനോദസഞ്ചാരികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും - Remains of 8 Indian tourists being flown back home from Nepal
പ്രവീൺ കൃഷ്ണൻ നായർ, ഭാര്യ ശരണ്യ ശശി, അവരുടെ മൂന്ന് മക്കൾ എന്നിവരുടെ മൃതദേഹങ്ങൾ തിരുവനന്തപുരത്തേക്കും രഞ്ജിത്ത് കുമാർ, ഭാര്യ ഇന്ദു ലക്ഷ്മി എന്നിവരുടെ മൃതദേഹങ്ങൾ കോഴിക്കോട്ടേക്കും കൊണ്ടുപോകും.
പ്രവീൺ കൃഷ്ണൻ നായർ, ഭാര്യ ശരണ്യ ശശി, അവരുടെ മൂന്ന് മക്കൾ എന്നിവരുടെ മൃതദേഹങ്ങൾ തിരുവനന്തപുരത്തേക്കും രഞ്ജിത്ത് കുമാർ, ഭാര്യ ഇന്ദു ലക്ഷ്മി എന്നിവരുടെ മൃതദേഹങ്ങൾ കോഴിക്കോട്ടേക്കും കൊണ്ടുപോകും. കാഠ്മണ്ഡുവിൽ നിന്ന് 70 കിലോമീറ്റർ തെക്കായി മക്കാവൻപൂർ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ദമാനിലെ റിസോർട്ടിലേക്ക് കേരളത്തിൽ നിന്നുള്ള 15 വിനോദസഞ്ചാരികളുടെ കൂട്ടത്തിലാണ് ഇവരെത്തിയത്. നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം യാത്രാമധ്യേ ദമാനിലെ എവറസ്റ്റ് പനോരമ റിസോർട്ടിൽ എത്തി. നാല് മുറികൾ ബുക്ക് ചെയ്തിരുന്നെങ്കിലും എട്ട് പേരും ഒരു മുറിയിലാണ് താമസിച്ചത്. മുറിയിൽ ഗ്ലാസ് ഹീറ്റർ പ്രവർത്തിപ്പിച്ചിരുന്നെന്നും ജനലുകളും വാതിലുകളും ബന്ധിച്ചിരുന്നെന്നും മാനേജർ പറയുന്നു. അടുത്ത ദിവസം അബോധാവസ്ഥയിൽ കണ്ടെത്തിയ ഇവരെ കാഠ്മണ്ഡുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
രണ്ട് പതിറ്റാണ്ട് പഴക്കമുള്ള റിസോർട്ടിൽ എയർകണ്ടീഷണറുകൾ ഇല്ലാത്തതിനാലാണ് ദുരന്തമുണ്ടായതെന്ന് ജില്ലയിലെ താഹ മുനിസിപ്പാലിറ്റി മേയർ ലാബ്ഷർ ബിസ്ത പറഞ്ഞു. വിദേശകാര്യമന്ത്രി പ്രദീപ് കുമാർ ഗ്യാവലി മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. അതേസമയം, വിനോദസഞ്ചാരികളുടെ സുരക്ഷയിൽ റിസോർട്ടിന്‍റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ നേപ്പാൾ ടൂറിസം വകുപ്പ് അഞ്ചംഗ സമിതി രൂപീകരിച്ചു. കമ്മിറ്റി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.