മുംബൈ: കർണാടകയിലെ വിമത എംഎല്‍എമാർ താമസിക്കുന്ന മുംബൈയിലെ ഹോട്ടലില്‍ സന്ദർശനത്തിന് എത്തിയ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന് എതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ഹോട്ടലിന്‍റെ 500 മീറ്റർ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശിവകുമാർ മടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയത് നീക്കുമെന്ന് മുംബൈ സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. എന്നാൽ ഹോട്ടലിന് മുന്നിൽ തുടരുമെന്ന തീരുമാനത്തില്‍ ഡികെ ശിവകുമാർ ഉറച്ച് നില്‍ക്കുകയാണ്.
ഹോട്ടലിന് ചുറ്റും നിരോധനാജ്ഞ: എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍ - ബിജെപി
കേസ് നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി.

അതിനിടെ, കർണാടക സ്പീക്കറുടെ തീരുമാനത്തിനെതിരെ വിമത എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചു. രാജി വെച്ച 10 എംഎൽഎമാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന കാരണത്താലാണ് സ്പീക്കർ രാജി സ്വീകരിക്കാതിരുന്നത്. വിമത എംഎൽഎമാർക്ക് വേണ്ടി മുകുൾ റോത്തഗി കോടതിയില്‍ ഹാജരായി.
എംഎല്‍എമാരുടെ രാജി വെക്കാനുള്ള അവകാശം സ്പീക്കര്‍ നിഷേധിക്കുകയാണെന്നും കേസ് അടിയന്തരമായി പരിഗണിക്കണമെന്നും മുകുൾ റോത്തഗി കോടതിയില്‍ വാദിച്ചു. കേസ് നാളെ പരിഗണിക്കാമെന്ന് രഞ്ജൻ ഗൊഗോയി അറിയിച്ചു. സുപ്രീം കോടതിയുടെ നിലപാട് കർണാടക രാഷ്ട്രീയത്തിൽ നിർണായകമാവും. മുംബൈയിലെ ഹോട്ടലിൽ കഴിയുന്ന വിമത എംഎൽഎമാരെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ബിജെപി പ്രവർത്തകരും എംഎൽഎമാരുടെ അനുയായികളും തടയാന്‍ ശ്രമിച്ചത് പ്രശ്നം ഗുരുതരമാക്കിയിട്ടുണ്ട്.