ന്യൂഡല്‍ഹി:അറസ്‌റ്റിലായ കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തുന്ന കമ്മിഷനെ പുന:സംഘടിപ്പിക്കാന്‍ തയാറാണെന്ന് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബെ ജാമ്യത്തിലിറങ്ങിയത് സംസ്ഥാനത്തെ നിയമവ്യവസ്ഥയുടെ പരാജയമാണെന്ന് കോടതി നേരത്തെ വിലയിരുത്തിയിരുന്നു.
വികാസ് ദുബെയുടെ മരണം; അന്വേഷണ കമ്മിഷനെ പുന:സംഘടിപ്പിക്കാമെന്ന് യുപി സര്‍ക്കാര്‍
ഇത് സംബന്ധിച്ച ഡ്രാഫ്‌റ്റ് ജൂലൈ 22ന് കോടതിയില്‍ സമര്‍പ്പിക്കാമെന്നും യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
വികാസ് ദുബെയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളുടെയും റിപ്പോര്‍ട്ട് ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടാണ് അന്വേഷണ കമ്മിഷനെ പുന:സംഘടിപ്പിക്കാന്‍ തയാറാണെന്ന് യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച ഡ്രാഫ്‌റ്റ് ജൂലൈ 22ന് കോടതിയില്‍ സമര്‍പ്പിക്കാമെന്നും യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. അന്വേഷണ കമ്മിഷനില്‍ മുൻ ജഡ്ജിയെ ഉള്‍പ്പെടുത്താൻ കഴിയുമോയെന്ന് കോടതി നേരത്തെ സര്‍ക്കാരിനോട് ചോദിച്ചിരുന്നു.
കാൺപൂരിലെ ചൗബേപൂരിലെ ബിക്രു ഗ്രാമത്തിൽ ജൂലൈ മൂന്ന് അർധരാത്രിയിലാണ് അറസ്റ്റ് ചെയ്യാൻ എത്തിയ ഡിഎസ്‌പി ദേവേന്ദ്ര മിശ്ര ഉൾപ്പെടെ എട്ട് പൊലീസുകാരെ ദുബെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്. അറസ്റ്റിലായതിന് ശേഷം ജൂലൈ 10ന് പുലർച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ ദുബെ കൊല്ലപ്പെട്ടു. ഉജ്ജയിനിൽ നിന്ന് കാൺപൂരിലേക്ക് പോകുന്ന വഴി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് ഭാഷ്യം. ദുബെ കൊല്ലപ്പെടുന്നതിന് മുമ്പ് ഇയാളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അഞ്ച് പേരെ മറ്റൊരു ഏറ്റുമുട്ടലില്‍ പൊലീസ് കൊലപ്പെടുത്തിയിരുന്നു.