ന്യൂഡല്‍ഹി: മൂന്ന് തവണ രാജ്യതലസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് പൂജ്യത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ് ഡല്‍ഹിയില്‍. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ തോല്‍വി നേരിട്ടിരിക്കുന്ന പാര്‍ട്ടിക്ക് മുന്‍ മുഖ്യമന്ത്രി ഷീലാ ദിക്ഷിത്തിന്‍റെ വിടവ് നികത്താനായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പ്രതികരിച്ചു. ഷീലാ ദിക്ഷിത്തിന്‍റെ അനുഭവസമ്പത്തും പരിചയവും ഈ തിരഞ്ഞെടുപ്പിൽ ഇല്ലാതെപോയത് സങ്കടപ്പെടുത്തുന്നു. മുതിർന്ന നേതാവിനെയാണ് ഞങ്ങൾക്കു നഷ്ടപ്പെട്ടത്. പകരം മറ്റൊരു മികച്ച നേതാവിനെ ഞങ്ങൾക്കു കണ്ടെത്താനായില്ലെന്ന് സിങ്‌വി അഭിപ്രായപ്പെട്ടു. ഒപ്പം ബിജെപിയുടെ പരാജയത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോല്‍വിയുടെ ഉത്തരവാദിത്തം എറ്റെടുത്ത ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര തോല്‍വിയുടെ കാരണം പരിശോധിക്കുമെന്നും വ്യക്തമാക്കി. ബിജെപിയുടെയും ആം ആദ്‌മിയുടേയും ധ്രുവീകരണ രാഷ്ട്രീയമാണ് കോണ്‍ഗ്രസിന് വോട്ട് കുറയാന്‍ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാന നിലപാടാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥും പ്രകടിപ്പിച്ചത്. വന്‍ അവകാശവാദങ്ങളുമായെത്തിയ ബിജെപിക്ക് ഒന്നു നേടാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ അവസ്ഥയെ പരിഗണിക്കാതെയായിരുന്നു മറ്റ് നേതാക്കളുടെയും പ്രതികരണം.