കൊൽക്കത്ത:ഉപയോഗത്തിന്‍റെ അടിസ്ഥാനത്തിൽ റേഷൻ കാർഡുകൾ രണ്ട് വിഭാഗങ്ങളായി തിരിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സ്വീകരിക്കുന്നതിനായി സർവകക്ഷി യോഗം വിളിക്കാൻ ഭക്ഷ്യ-വിതരണ മന്ത്രി ജ്യോതി പ്രിയ മല്ലിക്കിനോട് മമത ബാനർജി ആവശ്യപ്പെട്ടു. വെളളിയാഴ്ച യോഗം നടക്കുമെന്ന് അസംബ്ലി വൃത്തങ്ങൾ അറിയിച്ചു.
ഉപയോഗത്തിനനുസരിച്ച് റേഷൻ കാർഡുകൾ തരം തിരിക്കണമെന്ന് മമതാ ബാനർജി
വ്യക്തിത്വം തെളിയിക്കാനുള്ള രേഖയായി റേഷൻ കാർഡ് മാറിയതിനാല്‍ ഉപയോഗത്തിന്‍റെ അടിസ്ഥാനത്തിൽ കാർഡ് തരംതിരിക്കണം
ദേശീയ പൗരത്വ രജിസ്‌റ്ററും (എൻആർസി),പൗരത്വ (ഭേദഗതി) ബില്ലും രാജ്യത്ത് നിന്ന് തങ്ങളെ പുറത്താക്കുമെന്ന് ജനങ്ങൾ ഭയപ്പെടുന്നു. അതുകൊണ്ട് തന്നെ തങ്ങളുടെ വ്യക്തിത്വം തെളിയിക്കാനുള്ള രേഖയായാണ് റേഷൻ കാർഡിനെ ജനങ്ങൾ കാണുന്നതെന്നും മമത ബാനർജി പറഞ്ഞു. റേഷൻ വാങ്ങാത്തവർക്കും റേഷൻ കാർഡുകളുണ്ട്. അതുകൊണ്ട് തന്നെ റേഷൻ വാങ്ങുന്നവർ ആരൊക്കെയാണെന്നും വെറും രേഖയായി റേഷൻ കാർഡുകൾ ഉപയോഗപ്പെടുത്തുന്നവർ ആരെന്നും ഒരു സർവേ നടത്തി കണ്ടുപിടിക്കണം. ഇതിനനുസരിച്ച് റേഷൻ കാർഡുകൾ തരംതിരിക്കണമെന്നും മമതാ ബാനർജി ആവശ്യപ്പെട്ടു.