ഉത്തര്‍പ്രദേശില്‍ ബലാത്സംഗ കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി - ബലാത്സംഗ കേസിലെ പ്രതി
ഉത്തർപ്രദേശിലെ പിലിഭിത് കടുവ സംരക്ഷണ കേന്ദ്രത്തിലെ ബരാഹി വനമേഖലയിൽ നിന്നാണ് പ്രതിയായ 25കാരനായ അനുജ് കശ്യപിന്‍റെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.

പിലിഭിത്: ബലാത്സംഗ കേസിലെ പ്രതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ പിലിഭിത് കടുവ സംരക്ഷണ കേന്ദ്രത്തിലെ ബരാഹി വനമേഖലയിൽ നിന്നാണ് പ്രതിയായ 25കാരനായ അനുജ് കശ്യപിന്‍റെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറേ നാളുകളായി പൊലീസിന് പിടികൊടുക്കാതെ ഒളിവിലായിരുന്നു ഇയാളെന്ന് പിലിഭിത് പൊലീസ് സൂപ്രണ്ട് ജയ് പ്രകാശ് യാദവ് പറഞ്ഞു. 22 കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ അനുജ് കശ്യപിനെതിരെ സെപ്റ്റംബർ ആറിന് കേസെടുത്തിരുന്നു. കഴുത്തിൽ നിന്ന് തല വേർപെട്ട നിലയിലായിരുന്നു മൃതദേഹമെന്ന് മധോത്തണ്ടയിലെ എസ്എച്ച്ഒ രാം സേവക് പറഞ്ഞു. വിറക് ശേഖരിക്കാനായി പോയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മാനഭംഗത്തിനിരയായ യുവതിയുടെ കുടുംബമാണ് ഈ കൊലപാതകത്തിന് പിന്നിലെന്ന് അനുജിന്‍റെ കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.