കേരളം

kerala

ETV Bharat / bharat

രാംജഠ് മലാനി; യാത്രയായത് അഭിഭാഷകരംഗത്തെ വിമതന്‍, നിലപാടുകളില്‍ ഉറച്ച് നിന്ന വ്യക്തിത്വം - യാത്രയായത് അഭിഭാഷകരംഗത്തെ വിമതന്‍

നിയമ രം​ഗത്തെയും രാഷ്ട്രീയ രംഗത്തെയും അതികായകൻ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന വ്യക്തിത്വമാണ് രാംജഠ് മലാനി

രാം ജഠ്‌മലാനി

By

Published : Sep 8, 2019, 10:51 AM IST

Updated : Sep 8, 2019, 11:19 AM IST

ന്യൂഡല്‍ഹി:രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകരിലൊരാള്‍. രാജ്യത്തെ വിവാദമായ കേസുകളില്‍ പ്രതിഭാഗം വക്കീല്‍. ബിജെപിയുമായി ഇണങ്ങിയും പിണങ്ങിയും സ്വന്തം നിലപാടുകളില്‍ ഉറച്ച നിന്ന രാഷ്ട്രീയ വ്യക്തിത്വം. കൈവെച്ച മേഖലകളിലെല്ലാം തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച രാംജഠ് മലാനി വിട പറയുമ്പോള്‍ രാജ്യത്തിന് നഷ്ടമാവുന്നത് ഒരു ഉന്നത വ്യക്തിത്വത്തെയാണ്. നിരവധി പൊതുതാല്‍പര്യ ഹര്‍ജികള്‍ യാതൊരു പ്രതിഫലവും വാങ്ങാതെ വാദിച്ചിരുന്നുവെന്ന് കൂടി അറിയുമ്പോള്‍ ആ മഹദ് വ്യക്തിത്വത്തോടുള്ള ആദരവ് കൂടും. അതും സുപ്രീംകോടതിയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങിയിരുന്ന അഭിഭാഷകന്‍ കൂടിയാണെന്നറിയുമ്പോള്‍.

രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന രാംജഠ് മലാനി ഡല്‍ഹിയിലെ സ്വവസതിയില്‍ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു ലോകത്തോട് വിട പറഞ്ഞത്. പ്രമാദമായ നിരവധി കേസുകളില്‍ അഭിഭാഷകനായെത്തിയ മലാനി, വാജ്‌പേയ് മന്ത്രി സഭയില്‍ നിയമം, അര്‍ബന്‍ ഡെവലപ്‌മെന്‍റ് എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്. അഭിഭാഷകരംഗത്തെ വിമതന്‍ എന്ന വിളിപ്പേരുണ്ടായിരുന്നു രാം ജഠ്‌മലാനിക്ക്.

1923ല്‍ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സിഖര്‍പൂറിലാണ് രാംജഠ് മലാനിയുടെ ജനനം. രാം ഭൂല്‍ചന്ദ് ജഠ്‌മലാനി എന്നതാണ് മുഴുവന്‍ പേര്. സ്‌കൂള്‍ പഠനകാലത്തെ മികവിന്‍റെ അടിസ്ഥാനത്തില്‍ ഡബിള്‍ പ്രൊമോഷന്‍ കരസ്ഥമാക്കിയ മലാനി വെറും പതിമൂന്നാമത്തെ വയസില്‍ മെട്രിക്കുലേഷന്‍ പാസായി. തുടര്‍ന്ന് പതിനേഴാം വയസില്‍ ഒന്നാംക്ലാസോടെ നിയമബിരുദം കരസ്ഥമാക്കി ചരിത്രം സൃഷ്‌ടിച്ചു. തൊട്ടുത്ത വര്‍ഷം തന്നെ അഭിഭാഷകനായി പ്രാക്‌ടീസ് ചെയ്യാന്‍ ആരംഭിക്കുകയും ചെയ്‌തു. കറാച്ചി കോടതിയില്‍ ആണ് അഭിഭാഷകനായി ജോലി തുടങ്ങിയത്. 1959ല്‍ അദ്ദേഹം പ്രോസിക്യൂട്ടറായിരിക്കെ ഏറ്റെടുത്ത കെ.എം നാനാവതി vs മഹാരാഷ്ട്രയായിരുന്നു ആദ്യമായി കൈകാര്യം ചെയ്ത സുപ്രധാന കേസ്. പിന്നീട് ഏഴ് പതിറ്റാണ്ടിലധികം മലാനിയുടെ ശബ്‌ദം നീതിപീഠങ്ങളില്‍ ഇടിമുഴക്കം സൃഷ്‌ടിച്ചു. 2017ലാണ് അദ്ദേഹം അഭിഭാഷകവൃത്തിയില്‍ നിന്ന് വിട്ടുനിന്നത്.

രാജീവ് ഗാന്ധി വധക്കേസ്, സ്‌റ്റോക്ക് മാര്‍ക്കറ്റ് അഴിമതി, അഫ‌്സല്‍ ഗുരു കേസ്, ജസീക്കാലാല്‍ കൊലപാതകം തുടങ്ങിയ രാജ്യം കണ്ട നിരവധി പ്രമാദമായ കേസുകള്‍ മലാനി കൈകാര്യം ചെയ്‌തിട്ടുണ്ട്. അടിയന്തരാവസ്ഥാകാലത്ത് ജയില്‍വാസം അനുഷ്‌ഠിച്ചിട്ടുണ്ട്. 1996, 98, 99 കാലത്ത് കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നു. അതിനിടെ രാഷ്ട്രപതി സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിത്വവും പ്രഖ്യാപിച്ചിരുന്നു. രണ്ട് തവണ ബി.ജെ.പി എം.പിയായിരുന്ന മലാനി വാജ്‌പേയ് മന്ത്രി സഭയിലെ പ്രാതിനിധ്യത്തിന് ശേഷം 2004ല്‍ വാജ്‌പേയിക്ക് എതിരായും മത്സരിച്ചു. സംഘ്പരിവാറുമായി ഉടക്കിയ അദ്ദേഹം ലഖ്‌നൗവില്‍ മല്‍സരിച്ച് പരാജയപ്പെടുകയായിരുന്നു. വാജ്‌പേയിക്കെതിരെ ജഠ്‌മലാനി മല്‍സരിച്ചപ്പോള്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന് പിന്തുണ കൊടുത്തിരുന്നു. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിച്ചെങ്കിലും അദ്ദേഹത്തിന് പിന്നീട് പാര്‍ട്ടി രാജ്യസഭാ സീറ്റ് നല്‍കി. ബി.ജെ.പിക്കെതിരെ നിശിതവിമര്‍ശനങ്ങളും ആരോപണങ്ങളും തുടര്‍ന്നതോടെ 2012ല്‍ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കി. ബി.ജെ.പി വിമര്‍ശനം പതിവാക്കിയ അദ്ദേഹം മരണം വരെ അത് തുടരുകയും ചെയ്തു. ഏതാനും പുസ്‌തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. 2010ല്‍ സുപ്രീംകോര്‍ട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. മകനും പ്രമുഖ അഭിഭാഷകനുമായ മഹേഷ് ജഠ്‌മലാനിക്കൊപ്പമായിരുന്നു അവസാനനാളുകളില്‍ രാംജഠ് മലാനി കഴിഞ്ഞിരുന്നത്.

Last Updated : Sep 8, 2019, 11:19 AM IST

ABOUT THE AUTHOR

...view details