ന്യൂഡൽഹി: എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റിന് പുറത്ത് അനിശ്ചിതകാല പ്രതിഷേധം. കഴിഞ്ഞ ദിവസം കാർഷിക ബില്ല് അവതരണത്തിനിടെ രാജ്യസഭയിൽ ഉപാധ്യക്ഷനെ അപമാനിച്ചതിനെതിരെയാണ് എട്ട് എംപിമാർക്കെതിരെ നടപടിയെടുത്തത്. തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപിമാരായ ഡെറിക് ഒബ്രിയാൻ, ഡോള സെൻ, ആം ആദ്‌മി പാർട്ടി നേതാവ് സഞ്ജയ് സിംഗ്, കോൺഗ്രസ് പ്രതിനിധികളായ രാജു സാതവ്, രിപുൺ ബോറ, സയിദ് നാസിർ ഹുസൈൻ, സിപിഎം എംപിമാരായ കെ.കെ രാഗേഷ്, എളമരം കരീം എന്നിവരെയാണ് നിലവിലെ സഭാ സമ്മേളന കാലാവധി തീരുന്നത് വരെ പുറത്താക്കിയത്.
പ്രതിപക്ഷ പാർട്ടി നേതാക്കൾ കേന്ദ്ര സർക്കാരിന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ചു. കേന്ദ്രസർക്കാരിന്‍റെ സ്വേച്ഛാധിപത്യ മനോഭാവത്തെ ദൗർഭാഗ്യകരമെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചത്. "കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പോരാടിയ എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തത് നിർഭാഗ്യകരവും ജനാധിപത്യ മാനദണ്ഡങ്ങളെയും തത്വങ്ങളെയും മാനിക്കാത്ത സ്വേച്ഛാധിപത്യ ഗവൺമെന്‍റിന്‍റെ പ്രതിഫലനവുമാണ്. ഞങ്ങൾ കീഴടങ്ങില്ല, ഫാസിസ്റ്റ് സർക്കാരിനെതിരെ പാർലമെന്‍റിലും തെരുവുകളിലും ഞങ്ങൾ പോരാടും," മമതാ ബാനർജി ട്വീറ്റ് ചെയ്‌തു.