ചെന്നൈ : തമിഴ്നാട്ടിലെ ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ 18 ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തമിഴ്നാട്ടിൽ നിന്നു രാജ്യസഭയിലേക്കെത്തുമെന്ന ചർച്ചകൾ സജീവമായി. ഡിഎംകെയ്ക്കു ലഭിക്കുന്ന മൂന്ന് സീറ്റുകളിൽ ഒന്ന് മൻമോഹൻ സിങ്ങിനായി വിട്ടു നൽകണമെന്ന അഭ്യർഥന കോൺഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നു ഡിഎംകെ അറിയിച്ചിട്ടുണ്ട്.
തമിഴ്നാട് രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂലൈ 18 ന് - കോൺഗ്രസ്
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തമിഴ്നാട്ടിൽ നിന്നു രാജ്യസഭയിലേക്കെത്തുമെന്ന ചർച്ചകൾ സജീവമായി
![തമിഴ്നാട് രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂലൈ 18 ന്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3664569-thumbnail-3x2-election-commission-770x433.jpeg)
ഡിഎംകെയുടെ ഒരു സീറ്റ് എംഡിഎംകെ നേതാവ് വൈകോയ്ക്കു നൽകാൻ ധാരണയായിട്ടുണ്ട്. മൻമോഹനായി സീറ്റ് വിട്ടുനൽകിയാൽ, ഉടൻ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നങ്കുനേരി നിയമസഭാ സീറ്റ് കോൺഗ്രസിൽ നിന്നു ഡിഎംകെ ഏറ്റെടുക്കും. അണ്ണാഡിഎംകെയുടെ മൂന്ന് രാജ്യസഭാ സീറ്റുകളിൽ ഒന്ന് പിഎംകെയ്ക്കാണ് മുൻ കേന്ദ്രമന്ത്രി അൻപുമണി രാംദാസാകും പാർട്ടി നോമിനി.
ടി രതിനവേൽ, വി മൈത്രെയൻ, കെബി അർജുനൻ, ആർ ലക്ഷ്മണൻ, ഡി രാജ എന്നിവർ വിരമിക്കുന്നതിനാലും ലോക്സഭയിലേക്ക് കനിമൊഴി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലുമാണ് ആറ് സീറ്റുകളിൽ ഒഴിവ് വന്നിരിക്കുന്നത്. ജൂലൈ എട്ടിനാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയ്യതി.