ന്യൂഡൽഹി: അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിനിടയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കിഴക്കൻ ലഡാക്ക് സന്ദർശിക്കും. അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികരുമായും ജൂൺ 15ലെ ആക്രമണത്തിൽ പരിക്കേറ്റ സൈനികരുമായും പ്രതിരോധ മന്ത്രി സംവദിക്കും. ജൂലൈ 17ന് ഡൽഹിയിൽ നിന്ന് ലേയിലേക്കാവും പ്രതിരോധ മന്ത്രി സഞ്ചരിക്കുക.
രാജ്‌നാഥ് സിങ് ജൂലൈ 17ന് കിഴക്കൻ ലഡാക്ക് സന്ദർശിക്കും - കിഴക്കൻ ലഡാക്ക്
ലഡാക്ക് മേഖലയിലെ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികരുമായും ജൂൺ 15ലെ ആക്രമണത്തിൽ പരിക്കേറ്റ സൈനികരുമായും രാജ്‌നാഥ് സിങ് സംവദിക്കും.
ഇന്ത്യൻ സൈനികരെ വിന്യസിച്ചിരിക്കുന്ന ഫോർവേഡ് ബ്ലോക്ക് പ്രദേശങ്ങളും സിങ് സന്ദർശിക്കും. ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് മുകുന്ദ് നരവനെയും അദ്ദേഹത്തെ അനുഗമിക്കും. രാജ്‌നാഥ് സിങ് ജൂലൈ മൂന്നിന് പദ്ധതിയിട്ടിരുന്ന ലഡാക്ക് സന്ദർശനം പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് മാറ്റുകയായിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള രണ്ടാം ഘട്ട കോർപ്സ് കമാൻഡർ ലെവൽ ചർച്ചകൾ ഇന്ന് അവസാനിച്ചിരുന്നു. ചര്‍ച്ചയിലെടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ സൈനിക പിന്മാറ്റം ആരംഭിച്ചു.
ഇന്ത്യയുടെയും ചൈനയുടെയും പ്രത്യേക പ്രതിനിധികളായി അജിത് ഡോവലും ചൈനീസ് സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യ മന്ത്രിയുമായ വാങും നടത്തിയ സംഭാഷണത്തിലൂടെ വ്യക്തവും ആഴത്തിലുള്ളതുമായ നിർണയത്തിലേക്ക് ഇരുരാജ്യങ്ങളും എത്തിച്ചേർന്നിരുന്നു.