ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് താഷ്‌കന്‍റിലേക്ക് പുറപ്പെട്ടു. ഷാങ്ഹായ് സഹകരണ സംഘടന(എസ്‌സിഒ) യുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം. താഷ്‌കന്‍റിൽ നടക്കുന്ന എസ്.സി.ഒയുടെ കൗൺസിൽ ഓഫ് ഹെഡ്‌സ് (സിഎച്ച്ജി) യോഗത്തിൽ രാജ്‌നാഥ് സിങ് ഇന്ത്യയെ പ്രതിനിധീകരിക്കും. പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി രാജ്‌നാഥ് സിങ് ഉസ്ബക്കിസ്ഥാൻ പ്രതിരോധ മന്ത്രി മേജർ ജനറൽ കെ. നിസാമോവിച്ചുമായി കൂടിക്കാഴ്‌ച നടത്തും. "ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി താഷ്‌കന്‍റിലേക്ക് പോവുകയാണ്. ഉസ്ബക്കിസ്ഥാനുമായി ഉഭയകക്ഷി ഇടപെടലുകളുണ്ട്. പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നതിനായി ഉസ്ബക്കിസ്ഥാൻ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും" എന്ന് രാജ്‌നാഥ് സിങ് ട്വിറ്ററിൽ കുറിച്ചു.
ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ രാജ്‌നാഥ് സിങ് താഷ്‌കന്‍റിലേക്ക് - രാജ്‌നാഥ് സിങ്
ഉസ്ബക്കിസ്ഥാനിലെ താഷ്‌കന്‍റിൽ നടക്കുന്ന എസ്‌സിഒയുടെ കൗൺസിൽ ഓഫ് ഹെഡ്‌സ് (സിഎച്ച്ജി) യോഗത്തിൽ രാജ്‌നാഥ് സിങ് ഇന്ത്യയെ പ്രതിനിധീകരിക്കും
![ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ രാജ്‌നാഥ് സിങ് താഷ്‌കന്‍റിലേക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4927439-560-4927439-1572589419126.jpg)
ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ രാജ്‌നാഥ് സിങ് താഷ്‌കന്‍റിലേക്ക്
ഇന്ത്യക്ക് എസ്.സി.ഒയിൽ അംഗത്വം ലഭിച്ചതിനുശേഷമുള്ള മൂന്നാമത്തെ ഉച്ചകോടിയാണിത്. കഴിഞ്ഞ രണ്ട് സി.എച്ച്.ജി യോഗങ്ങളിൽ ആദ്യത്തെ യോഗം 2017 നവംബർ 30 മുതൽ ഡിസംബർ 1 വരെ റഷ്യയിലെ സോചിയിലും രണ്ടാമത്തേത് 2018 ഒക്‌ടോബർ 11 മുതൽ 12 വരെ താജിക്കിസ്ഥാനിലെ ദുഷാൻബെയിലും ആയിരുന്നു. എസ്.സി.ഒ സഹകരണ സംവിധാനങ്ങളിൽ ഇന്ത്യ സജീവമായി ഇടപെട്ടിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കുന്ന തലവന്മാർ എസ്.സി.ഒ മേഖലയിലെ ബഹുരാഷ്‌ട്ര സാമ്പത്തിക സഹകരണം, സാമ്പത്തിക വികസനം എന്നിവയിൽ ചർച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.