ന്യൂഡൽഹി: സായുധ സേനാംഗങ്ങളുമായുള്ള കൂടിക്കാഴ്‌ചക്കായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലേയിലെത്തി. പ്രതിരോധ മേധാവി ജനറൽ ബിപിൻ റാവത്ത്, ആർമി ചീഫ് ജനറൽ എം.എം നരവാനെ തുടങ്ങിയവരും കൂടിക്കാഴ്‌ചയിൽ പങ്കെടുക്കും. അതിർത്തിയിലെ സ്ഥിതി അവലോകനം ചെയ്യുകയും മേഖലയിൽ വിന്യസിച്ചിരിക്കുന്ന സായുധ സേനാംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തുകയുമാണ് ലക്ഷ്യമെന്ന് പ്രതിരോധമന്ത്രി ട്വിറ്ററിൽ കുറിച്ചു.
രാജ്‌നാഥ് സിംഗ് ലേയിലെത്തി; സായുധ സേനയുമായി കൂടിക്കാഴ്‌ച നടത്തും
കൂടിക്കാഴ്‌ചക്കായി പ്രതിരോധ മേധാവി ജനറൽ ബിപിൻ റാവത്ത്, ആർമി ചീഫ് ജനറൽ എം.എം നരവാനെ തുടങ്ങിയവരും ലേയിലെത്തി. സേനയുടെ പാര ഡ്രോപ്പിംഗ് അഭ്യാസങ്ങളും ഉണ്ടായിരിക്കും
നാളെ നടക്കുന്ന ഉന്നതതല കൂടിക്കാഴ്‌ചക്കായി പ്രതിരോധമന്ത്രി ലഡാക്കിൽ നിന്നും ശ്രീനഗറിലെത്തും. യോഗത്തിൽ പാകിസ്ഥാനുമായുള്ള നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യും. കൂടാതെ ലേയിൽ സേനയുടെ പാര ഡ്രോപ്പിംഗ് അഭ്യാസങ്ങളും ഉണ്ടായിരിക്കും. ഈ മാസം മൂന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്ക് സന്ദർശിച്ചിരുന്നു. സന്ദർശനത്തിൽ നരേന്ദ്രമോദി സൈനികരെ അഭിസംബോധന ചെയ്‌തു.
ഈ മാസം മൂന്നിന് നടത്താനിരുന്ന രാജ്‌നാഥ് സിംഗിന്‍റെ സന്ദർശനം മാറ്റിവെക്കുകയായിരുന്നു. മെയ് അഞ്ച് മുതൽ കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈനീസ് സൈനികർ കടുത്ത നിയന്ത്രണത്തിലാണ്. ഗൽവാനിൽ നടന്ന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി വഷളായത്. തുടർച്ചയായുള്ള നയതന്ത്ര-സൈനിക ചർച്ചകളിലൂടെ ഈ മാസം ആറിന് ഇരുരാജ്യങ്ങളും സേനകളെ പിന്‍വലിക്കാന്‍ ധാരണയായി. സംഘർഷ കേന്ദ്രങ്ങളിൽ നിന്നും ഇരുവിഭാഗവും സൈന്യത്തെ പിൻവലിക്കുകയും ചെയ്‌തു. ഇരു സൈന്യങ്ങളും തമ്മിലുള്ള നാലാമത്തെ കമാൻഡർതല കൂടിക്കാഴ്‌ച ചൊവ്വാഴ്‌ച നടന്നു. കിഴക്കൻ ലഡാക്കിൽ സ്ഥിതിഗതികൾ പുനസ്ഥാപിക്കണമെന്നും എൽഎസിയിൽ സമാധാനവും സുരക്ഷയും തിരികെ കൊണ്ടുവരുന്നതിന് തീരുമാനിച്ച എല്ലാ മാനദണ്ഡങ്ങളും ചൈന പാലിക്കണമെന്നും ഇന്ത്യൻ പ്രതിനിധിസംഘം ചൈനീസ് സൈന്യത്തിന് വ്യക്തമായ സന്ദേശം നൽകി. പിരിച്ചുവിടൽ പ്രക്രിയയുടെ രണ്ടാം ഘട്ടത്തിലെ തയ്യാറാറെടുപ്പുകളിൽ സമയബന്ധിതമായി താവളങ്ങളിൽ സൈന്യവും ആയുധങ്ങളും പിൻവലിക്കുന്നത് പരിശോധിക്കുകയും സംഘർഷ മേഖലകളിലെ തീവ്രത കുറയ്ക്കാനാണ് ചർച്ചകളുടെ ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.