ലഖ്‌നൗ: ഉത്തർപ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയ്ക്കായി ഒപ്പുവച്ച ധാരണാപത്രങ്ങൾ നടപ്പാക്കുന്നതിലെ പുരോഗതി വീഡിയോ കോൺഫറൻസിങ്ങിലൂടെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അവലോകനം ചെയ്തു. പ്രതിരോധ വ്യവസായ ഇടനാഴിയിലെ നിർദിഷ്ട ജോലികൾ എല്ലാം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഏത് ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഏത് സാഹചര്യത്തിലും അവ നേടേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.
പ്രതിരോധ ഉത്‌പാദന വകുപ്പിന്‍റെ പുതിയ നയത്തെക്കുറിച്ചുള്ള കാബിനറ്റ് കുറിപ്പ് തയ്യാറാണെന്നും സെപ്റ്റംബറിൽ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപകരുമായി സംസ്ഥാന സർക്കാർ പതിവായി സമ്പർക്കം പുലർത്തണം. അവരുടെ പ്രശ്‌നങ്ങളിൽ ഉടനടി നടപടിയെടുക്കണം. ലഖ്‌നൗവിലെയും ആഗ്രയിലെയും ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും രാജനാഥ് സിങ് ആവശ്യപ്പെട്ടു.