ജോധ്പൂർ (രാജസ്ഥാൻ):രാജസ്ഥാനിലെ പാലി ജില്ലയിലെ ഗ്രാമത്തിൽ 16 വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. ദുരഭിമാന കൊലയിൽ കുട്ടിയുടെ ആമ്മയെയും അമ്മാവനെയും അറസ്റ്റ് ചെയ്തു. അമ്മ സീതാദേവി, അമ്മാവൻ സവരാം എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനയച്ചു.
മാർച്ച് 19 നാണ് സംഭവം നടന്നതെന്നും രഹസ്യ വിവരത്തെത്തുടർന്നാണ് ഒരു മാസത്തിന് ശേഷം സംഭവം പുറത്തറിയുന്നതെന്നും പൊലീസ് സൂപ്രണ്ട് രാഹുൽ കൊട്ടോക്കി പറഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം രാജസ്ഥാനിലെ പാലി ജില്ലയിലെ സോനായ് മാജി ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും, ശേശാറാം, സവരാം സഹോദരന്മാരുടെ കുടുംബങ്ങൾ പലചരക്ക് കട നടത്താനാണ് പൂനെയിലേക്ക് കുടിയേറി താമസിച്ചതാണെന്നും പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട റിങ്കു ശേശാറാമിന്‍റെ മകളാണെന്നും പൂനെ സ്വദേശിയായ ആൺകുട്ടിയുമായി രണ്ടുമാസം മുമ്പ് ഒളിച്ചോടിയതായും പൊലീസ് സൂപ്രണ്ട് പറഞ്ഞു. പിന്നീട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് റിങ്കുവിന്‍റെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മുംബൈയിലെ ദമ്പർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കമിതാക്കളെ പൊലീസ് പിടികൂടുകയും പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായത്.
ഒരു മാസത്തിനുശേഷം യുവാവ് ജാമ്യത്തിലിറങ്ങുകയും റിങ്കു അദ്ദേഹത്തെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് മാർച്ച് 18 ന് റിങ്കുവിനെ രാജസ്ഥാനിലെ ഗ്രാമത്തിലുള്ള അമ്പലത്തിൽ പോകാനെന്ന വ്യാജേന നാട്ടിലെക്ക് കൊണ്ടുപോകുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
അടുത്ത ദിവസം, മാർച്ച് 19 ന് പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം അമ്മയും അമ്മാവനും പൂനെയിലേക്ക് മടങ്ങുകയായിരുന്നെന്നും സംഭവത്തിൽ മറ്റ് കുടുംബാംഗങ്ങളുടെ പങ്ക് അന്വേഷിച്ചുവരികയാണെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.